വിംബിൾഡനിൽ താണ്ഡവനൃത്തമാടി വീണ്ടും 15 കാരി

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

വീണ്ടും അവൾ അത് ചെയ്തിരിക്കുന്നു, വീണ്ടുമവൾ വിംബിൾഡനെ ലോകത്തെ ഞെട്ടിച്ചിരിക്കുന്നു. കോരി കൊക്കോ ഗോഫ് എന്ന കൊടുങ്കാറ്റ് ആദ്യം വീനസ് വില്യംസ്‌ എന്ന വൻ വൃക്ഷത്തെ മറിച്ചിട്ടപ്പോൾ ഇത്തവണത്തെ ഇര മുമ്പ് വിംബിൾഡൺ സെമിഫൈനൽ കളിച്ച പരിചയസമ്പന്നയായ സ്ലൊവാക്യയുടെ റെയ്ബറികോവ! വീനസിനെതിരെ കണ്ടത് വെറുമൊരു സൂചന മാത്രമെന്ന് വ്യക്തമാക്കിയ 15 കാരി വിംബിൾഡനിലെ തന്റെ സ്വപ്നകുതിപ്പ് മൂന്നാം റൗണ്ടിലേക്ക് വ്യാപിപ്പിച്ചു. ഇത്തവണ റോജർ ഫെഡററിന്റെ പരിശീലനടീമിന്റെ കൂടി സഹായം പരിശീലനത്തിൽ ലഭിച്ച കോരി എല്ലാം തീരുമാനിച്ച് ഉറപ്പിച്ച പോലെയാണ് കളത്തിൽ ഇറങ്ങിയത്.

15 കാരി കുട്ടിയിൽ നിന്ന് പ്രതീക്ഷിക്കാത്ത ആത്മവിശ്വാസവും ധൈര്യവും പ്രകടിപ്പിച്ച കോരി ആദ്യ സെറ്റിൽ റെയ്ബറികോവയെ ബ്രൈക്ക് ചെയ്യുകയും അരമണിക്കൂർ തികയും മുമ്പ് 6-3 നു ആദ്യ സെറ്റ് കയ്യിലാക്കുകയും ചെയ്തു. രണ്ടാം സെറ്റിൽ റെയ്ബറികോവയുടെ രണ്ടാം സർവ്വീസ് തന്നെ ബ്രൈക്ക് ചെയ്ത കോരി കാണികളിൽ ആവേശം വിതറി. പലപ്പോഴും സെറീന വില്യംസിനെ ഓർമ്മിപ്പിച്ച കൊരിയുടെ പ്രകടനം വനിതാവിഭാഗത്തിൽ പലരുടെതും നെഞ്ചിടിപ്പ് കൂട്ടികാണണം. ഓരോ പന്തിന് പിറകയും ഓടിയെത്തിയ കോരി തന്റെ യുവത്വത്തിന്റെ ചുറുചുറുക്ക് മത്സരത്തിൽ ഉടനീളം പ്രകടമാക്കി.

സമ്മർദത്തിലും നന്നായി സർവ് ചെയ്ത കോരി തനിക്ക് പ്രതിഭ മാത്രമല്ല സമ്മർദ്ദവും അതിജീവിക്കാൻ അറിയാമെന്ന് പറയാതെ പറഞ്ഞു. ഇടക്ക് ഒന്നു കാലിടറി വീണപ്പോൾ എണീറ്റ് നിന്ന് കയ്യടിച്ച് പ്രോത്സാഹനം നൽകിയ അമ്മക്കും ഒന്ന് ഞെട്ടിയ കാണികൾക്കും എണീറ്റ് നിന്ന് കൈ ഉയർത്തി തനിക്കൊന്നുമില്ലെന്നു ആത്മവിശ്വാസത്തോടെ കോരി പറഞ്ഞു. വിട്ട് കൊടുക്കാതെ തന്റെ എല്ലാ പരിചയസമ്പത്തും എടുത്ത് പൊരുതിയ റെയ്ബറികോവക്ക് പക്ഷെ കോരി എന്ന കൊടുങ്കാറ്റിന് മുമ്പിൽ അധികമൊന്നും പിടിച്ചു നിൽക്കാൻ ആയില്ല. റെയ്ബറികോവ സർവ്വീസ് ബ്രൈക്ക് ചെയ്ത് അതിന്റെതായ രീതിയിൽ തന്നെ 6-3 നു രണ്ടാം സെറ്റും മത്സരവും കോരി സ്വന്തമാക്കി. കാണികളുടേതും കൊരിയുടെ അമ്മയുടെതും മുഖത്ത് ലേശം അവിശ്വാസം പ്രകടമായെങ്കിൽ ജയിക്കാനുറച്ച് വന്ന ആത്മവിശ്വാസം മാത്രമായിരുന്നു കോരിയുടെ മുഖത്ത് കണ്ടത്. അതെ ഈ 15 കാരി കുട്ടിയെ സൂക്ഷിക്കുക, ചിലപ്പോൾ ടെന്നീസിലെ അടുത്ത രാജകുമാരി ആരെന്നുള്ള ചോദ്യത്തിന് ഉത്തരം ആവാം അവൾ.