ആർക്കാണ് ജോസെ മൗറീന്യോ ഇല്ലാത്ത ഫുട്ബോൾ ലോകം ഇഷ്ടപ്പെടുക? ആരാധകർക്ക് എന്നും പ്രിയപ്പെട്ടവൻ ആയി മാത്രമല്ല എന്നും എതിരാളികൾക്കും ഏറ്റവും വെറുക്കപ്പെട്ട എതിരാളിയായി അയ്യാൾ ഫുട്ബോളിൽ വേണമായിരുന്നു, എന്തെന്നാൽ അയ്യാൾ അത്രത്തോളം ‘സ്പെഷ്യൽ’ ആണ്. പോർട്ടോക്ക് ചാമ്പ്യൻസ് ലീഗ് നേടിക്കൊടുത്ത് അത്ഭുതം കാണിച്ച, ചെൽസിക്ക് ഒരു ചരിത്രം നൽകിയ, ഒരിക്കൽ തന്നെ വെറുമൊരു മൊഴിമാറ്റക്കാരൻ എന്നു പരിഹസിച്ച ബാഴ്സലോളയുടെ പേടിസ്വപ്നമായ(ഓർമ്മയില്ലേ ആ ഇന്റർ മിലാൻ ബാഴ്സലോണ ചാമ്പ്യൻസ് ലീഗ് സെമിഫൈനൽ), ഇന്ററിന് പുതിയ ഉണർവ് നൽകിയ, റയൽ മാഡ്രിഡിനു വർഷങ്ങൾക്ക് ശേഷം ലീഗ് കിരീടം സമ്മാനിച്ച സ്പെഷ്യൽ പരിശീലകൻ.
എന്നും തന്റെ പ്രതിരോധത്മക ഫുട്ബോളും എതിരാളികൾക്ക് നേരെയുള്ള അതിരുവിട്ട പരിഹാസങ്ങളും മൗറീന്യോക്ക് വിമർശകരെയും നൽകി. പിന്നീട് ഒരിക്കൽ താൻ പലപ്പോഴും, തന്റെ ഏറ്റവും വലിയ എതിരാളിയായ വെങ്കർക്ക് എതിരായ പരാമർശങ്ങളിൽ അടക്കം അതിരുവിട്ടെന്നു മൗറീന്യോ തന്നെ സമ്മദിക്കുന്നതും ലോകം കണ്ടു. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് പരിശീലകസ്ഥാനം ഒഴിഞ്ഞ ശേഷം ഒരു ഫുട്ബോൾ ക്ലബ് ഇല്ലാതെയിരിക്കുകയാണ് മൗറീന്യോ ഇന്ന്. ഇടക്ക് ഫുട്ബോൾ അവലോകനം ചെയ്യാൻ ടി. വി ഷോകളിൽ പ്രത്യക്ഷപ്പെടാറുണ്ട് മൗറീന്യോ.
എന്നാൽ അടുത്ത് നൽകിയ ആഭിമുഖത്തിൽ താൻ എത്ര മാത്രം ഫുട്ബോളിന്റെ അഭാവം ജീവിതത്തിൽ സങ്കടം നൽകുന്നു എന്ന് മൗറീന്യോ വ്യക്തമാക്കി. തന്റെ ജീവിതത്തിൽ താൻ ഏറ്റവും കൂടുതൽ ആസ്വദിച്ച സമയം ഫുട്ബോൾ പരിശീലകനായ സമയമാണെന്നു പറഞ്ഞ മൗറീന്യോ ഇന്ന് അത് തന്റെ ജീവിതത്തിൽ ഇല്ലാത്ത നിമിഷങ്ങൾ എത്രത്തോളം സങ്കടകരം ആണെന്ന് മൗറീന്യോ പറഞ്ഞത് വാക്കുകൾ ഇടറി കണ്ണീരോടെ ആയിരുന്നു. എത്രയും വേഗം മൗറീന്യോ ഫുട്ബോളിലേക്ക് തിരിച്ചെത്തെട്ടെ എന്ന ആശംസകളുമായി ഈ അഭിമുഖത്തിനു ശേഷം സോഷ്യൽ മീഡിയയിൽ നിറഞ്ഞവരിൽ ഫ്രാബ്രിഗാസ് അടക്കമുള്ള പഴയ താരങ്ങളും ഒരുപാട് ആരാധകരും ഉണ്ടായിരുന്നു. അതേ അത്ര മാത്രം ഫുട്ബോൾ മൗറീന്യോയുടെ അഭാവം അറിയുന്നുണ്ട്, ആ അഹങ്കാരഭാവത്തോടെ, ആ നിഷേധാത്മക സമീപനത്തോടെ തന്നെ ജോസെ മൗറീന്യോ ഫുട്ബോൾ ലോകത്ത് എത്രയും പെട്ടെന്ന് തിരിച്ചെത്തും എന്നു നമുക്ക് പ്രത്യാശിക്കാം.