മൂന്ന് വീതം വിക്കറ്റുമായി ഇഷാന്ത്, കുല്‍ദീപ്, ഉമേഷ്, പരിശീലന മത്സരത്തില്‍ പിടിമുറുക്കി ഇന്ത്യ

വിന്‍ഡീസ് എ ടീമിനെതിരെ പരിശീലന മത്സരത്തില്‍ വലിയ ലീഡ് നേടി ഇന്ത്യ. ഇന്ത്യ തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 297/5 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്ത ശേഷം 181 റണ്‍സിന് പുറത്താക്കുകയായിരുന്നു.ഉമേഷ് യാദവ്, കുല്‍ദീപ് യാദവ്, ഇഷാന്ത് ശര്‍മ്മ എന്നിവര്‍ മൂന്ന് വീതം വിക്കറ്റ് നേടിയാണ് വിന്‍ഡീസിന്റെ പതനം ഉറപ്പാക്കിയത്. കവിം ഹോഡ്ജ് ആതിഥേയര്‍ക്കായി 51 റണ്‍സും ജാഹ്മാര്‍ ഹാമിള്‍ട്ടണ്‍ 33 റണ്‍സുമാണ് നേടിയിട്ടുള്ളത്.

രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യ 84/1 എന്ന നിലയിലാണ്. 48 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്ന ഹനുമ വിഹാരിയാണ് ഇന്ത്യയുടെ പ്രധാന സ്കോറര്‍. 200 റണ്‍സിന്റെ ലീഡാണ് രണ്ടാം ദിവസം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ നേടിയിട്ടുള്ളത്. മയാംഗ് അഗര്‍വാളിനെ ഇന്ത്യയ്ക്ക് നഷ്ടമായപ്പോള്‍ 20 റണ്‍സുമായി രഹാനെയാണ് വിഹാരിയ്ക്ക് കൂട്ടായി ക്രീസിലുള്ളത്.

ഇന്ത്യയ്ക്കായി ആദ്യ ഇന്നിംഗ്സില്‍ ചേതേശ്വര്‍ പുജാര 100 റണ്‍സ് നേടിയപ്പോള്‍ രോഹിത് ശര്‍മ്മ 68 റണ്‍സും ഹനുമ വിഹാരി(37*), ലോകേഷ് രാഹുല്‍(36), ഋഷഭ് പന്ത്(33) എന്നിവരായിരുന്നു പ്രധാന സ്കോറര്‍മാര്‍.