സി കെ വിനീതും മഞ്ഞപ്പടയും തമ്മിൽ ഉള്ള യഥാർത്ഥ പ്രശ്നം എന്താണ്. ആരാധകർ താരങ്ങളെ വിമർശിക്കുന്നത് അതിരു കടന്ന് തെറി വിളികളായി മാറുന്നത് കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് എതിരെ എന്നും ഉയർന്നിരുന്ന ഒരു പരാതിയാണ്. പഴയ മൈക്കിൾ ചോപ്ര മുതൽ ഇപ്പോൾ ഉള്ള യുവതാരമായ പ്രശാന്ത് വരെ ഈ തെറിവിളി ക്രൂരതകൾക്ക് ഇരയായവരാണ്. അങ്ങനെ അസഭ്യം പറയുന്ന ഒരു പ്രശ്നത്തിനെതിരെ അല്ല ഇപ്പോൾ സി കെ വിനീത് മാധ്യമങ്ങളിൽ പ്രതികരണവുമായി എത്തിയതും നിയമനടപടികളിലേക്ക് കടന്നതും.
ആരാധകരുടെ ഒരു ദയയുമില്ലാത്ത അസഭ്യം പറയലിനെതിരെ ആരാധകരോട് പരസ്യമായി തന്നെ സംവദിച്ച അപൂർവ്വം കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളിൽ ഒന്നാണ് സി കെ വിനീത്. ആ സികെ ഇപ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ ആരാധക കൂട്ടായ്മക്ക് എതിരെ നിയമനടപടിയിലേക്ക് നീങ്ങിയത് പക്ഷെ അസഭ്യ വർഷത്തിനല്ല, അതിലും ക്രൂരമായ ഒരു കാര്യത്തിലാണ്.
വിനീത് ഒരിക്കലും ചെയ്യാത്ത കാര്യം ആ താരത്തോടുള്ള വെറുപ്പിന്റെ മാത്രം ബലത്തിൽ പടച്ചു വിടുകയും അത് വ്യക്തിഹത്യക്കായി ഉപയോഗിക്കുകയും ചെയ്തിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ ഏറ്റവും വലിയ ആരാധക കൂട്ടായ്മ എന്ന് സ്വയം അവകാശപ്പെടുന്ന മഞ്ഞപ്പട. ഒരു വാട്സാപ് ഓഡിയോ ക്ലിപ്പാണ് ഇപ്പോൾ പോലീസ് കേസായ ഈ സംഭവത്തിന്റെ തുടക്കം.
മഞ്ഞപ്പടയുടെ കൊച്ചിയിലെ എക്സിക്യൂട്ടീവ് ഗ്രൂപ്പിൽ വന്ന വോയിസ് ക്ലിപ്പിൽ ആണ് ഒരു മഞ്ഞപ്പട എക്സിക്യൂട്ടീവ് അംഗം വിനീതിന്റെ പേരിൽ ആരോപണം ഉന്നയിക്കുന്നത്. ചെന്നൈയിനും കേരള ബ്ലാസ്റ്റേഴ്സും കൊച്ചിയിൽ ഏറ്റുമുട്ടിയ മത്സരത്തിനിടെ ത്രോ ലൈൻ കടന്ന ഒരു പന്ത് എടുക്കാൻ ചെന്ന സി കെ വിനീത് ബോൾ ബോയ് ആയിരുന്ന കുട്ടിയെ ചീത്തവിളിച്ചെന്നും, ആ കുട്ടിയെ കണ്ണീരിൽ ആഴ്ത്തുന്ന രീതിയിൽ പെരുമാറി എന്നുമായിരുന്നു വോയിസ് ക്ലിപ്പിൽ പറയുന്നത്. സി കെയുടെ ക്രൂരമായ പെരുമാറ്റം കണ്ട ഉടനെ മാച്ച് കമ്മീഷണർ ഇടപെട്ടെന്നും ചെന്നൈയിൻ പരിശീലകനോട് സി കെയ്ക്ക് എതിരെ എന്തോ കടലാസ് ഒപ്പിട്ടു വാങ്ങിയെന്നും ക്ലിപ്പിൽ പറയുന്നു. കൂടാതെ സി കെ കരയിച്ച കുട്ടിയെ കേരള ബ്ലാസ്റ്റേഴ്സ് കോച്ചിംഗ് സംഘമാണ് വാരിപുണർന്ന് ആശ്വസിപ്പിച്ചത് എന്നും വോയിസ് ക്ലിപ്പ് പറയുന്നു.
എന്നാൽ മത്സര സമയത്തെ വീഡിയോ ക്ലിപ്പ് കണ്ടാൽ അങ്ങനെ യാതൊരു സംഭവങ്ങളും കാണാൻ പോലും കഴിയില്ല. സാധാരണ കളിക്കാർ ബോൾ ബോയിയോട് പന്തിന് ആവശ്യപ്പെടുന്ന രീതിക്ക് അപ്പുറം ഒന്നും സി കെ വിനീതിൽ നിന്ന് കാണാൻ കഴിഞ്ഞില്ല. കൂടുതൽ അന്വേഷണങ്ങളും ദൃക്സാക്ഷികളും മഞ്ഞപ്പടയുടെ ആരോപണത്തിൽ ഉള്ളതുപോലൊരു സംഭവം ടച്ച് ലൈനിൽ നടന്നിട്ടില്ല എന്ന് സാക്ഷ്യപ്പെടുത്തുന്നു.
വിനീതിനെതിരെ ഉടൻ തന്നെ മാച്ച് കമ്മീഷണർ ചെന്നൈയിൻ ടീമിനോട് ഒരു ഒപ്പിട്ടു വാങ്ങി എന്ന് വോയിസ് ക്ലിപ്പിൽ പറയുന്നത് തന്നെ സംഭവം വോയിസ് ക്ലിപ്പ് അയച്ച ആളുടെ ഭാവനയിൽ പാചകം ചെയ്തത് ആണെന്ന് വ്യക്തമാക്കുന്നു. മത്സരത്തിനിടെ ഒരു സംഭവം നടന്നാൽ മാച്ച് കമ്മീഷണർ ഉടനെ ടീം കോച്ചിനോട് ഒപ്പിട്ട് വാങ്ങുന്നു എന്നൊരു സമ്പ്രദായം ഫുട്ബോളിൽ തന്നെ ഇല്ലാത്തതാണ്.
മാച്ച് കമ്മീഷണർ ഇങ്ങനെയൊരു സംഭവം അറിഞ്ഞിട്ടേ ഇല്ലായെന്ന് വ്യക്തമാക്കിയിട്ടുണ്ട്. മാച്ച് കമ്മീഷണർ പോലീസിന് നൽകുന്ന മൊഴിയും ഇത് തന്നെ ആയിരിക്കും എന്നാണ് അറിയാൻ കഴിയുന്നത്. ഈ സംഭവത്തെ കുറിച്ച് ഏഷ്യാനെറ്റ് ന്യൂസിലൂടെ ആയിരുന്നു സി കെ വിനീത് ആദ്യം രംഗത്ത് വന്നത്. തനിക്ക് ഇനിയും സഹിക്കാൻ കഴിയില്ല എന്നും ഇത് ആൾക്കൂട്ട ആക്രമണം ആണെന്നും സി കെ പറഞ്ഞിരുന്നു.
എന്നാൽ സി കെ വിനീത് ഇത്ര വലിയ ഒരു പ്രശ്നം ഉന്നയിച്ചപ്പോഴും മഞ്ഞപ്പടയുടെ പ്രതികരണം നിരാശപ്പെടുത്തുന്നതായിരുന്നു. ദേശീയ മാധ്യമമായ ഗോൾ ഡോട്ട് കോമിനോട് മഞ്ഞപ്പട പറഞ്ഞത് ഇത് മഞ്ഞപ്പടയുടെ നൂറു കണക്കിന് ഗ്രൂപ്പുകളിൽ ഏതോ ഒന്നിൽ വന്നതാകാം എന്നും അതിനെതിരെ മഞ്ഞപ്പടയ്ക്ക് ഒന്നും ചെയ്യാൻ കഴിയില്ല എന്നുമാണ്.
എന്നാൽ ഇത് മഞ്ഞപ്പടയുടെ പ്രധാന അംഗങ്ങൾ മാത്രമുള്ള എക്സിക്യൂട്ടീവ് ഗ്രൂപ്പ് ആണെന്നും, മഞ്ഞപ്പട എക്സിക്യൂട്ടീവ് പ്രസിഡന്റായ പ്രഭു എന്ന വ്യക്തിയോടാണ് ഈ വോയിസ് ക്ലിപ്പ് അയച്ച വ്യക്തി സംവദിക്കുന്നത് എന്നതും വ്യക്തമാണ്. മഞ്ഞപ്പട ഇത്തരം വ്യാജ പ്രചരണങ്ങൾക്ക് എതിരെ പ്രതികരിക്കാതെ അതിനെ ന്യായീകരിക്കുകയും, ഒപ്പം സി കെ വിനീതിനെ കുറ്റക്കാരൻ ആക്കുന്ന തരത്തിൽ കൂടുതൽ പോസ്റ്റുകൾ അവരുടെ ഔദ്യോഗിക പേജിലും ഗ്രൂപ്പിലും പങ്കുവെക്കുകയുമാണ് ഇപ്പോഴും ചെയ്യുന്നത്.
മഞ്ഞപ്പടയ്ക്ക് ഇത്ര വിരോധം വരാൻ മാത്രം സി കെ വിനീത് എന്തു ചെയ്തു എന്നത് ഒരു അന്വേഷണത്തിനും കണ്ടെത്താൻ കഴിഞ്ഞേക്കില്ല. കേരള ബ്ലാസ്റ്റേഴ്സിന്റെ നിരവധി ആരാധക ഗ്രൂപ്പുകളിൽ ഒന്നു മാത്രമാണ് മഞ്ഞപ്പട. മഞ്ഞപ്പട പോലുള്ള നിരവധി ആരാധക കൂട്ടങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടങ്ങൾ ഒന്നാകണം എന്നും, ക്ലബ് ഒന്നാണ് എന്നും, അതുകൊണ്ട് ആരാധകരുടെ കൂട്ടവും ഒന്ന് മതിയെന്നും ഒരു അഭിപ്രായം വിനീത് പലപ്പോഴും പറഞ്ഞിട്ടുള്ളതാണ്. അത്തരമൊരു അഭിപ്രായം ഉള്ളതുകൊണ്ട് മഞ്ഞപ്പടയെ പ്രകീർത്തിച്ച് നടക്കാത്തതും ആകാം സികെയ്ക്ക് എതിരെയുള്ള ഈ വെറുപ്പിന് കാരണം. കേരള ബ്ലാസ്റ്റേഴ്സ് എന്ന ക്ലബിന്റെ എക്കാലത്തെയും മികച്ച താരങ്ങളിൽ ഒന്നാണ് സി കെ വിനീത്. ക്ലബിനായി ഏറ്റവും കൂടുതൽ ഗോളുകൾ നേടിയ താരം. ലോക ഫുട്ബോളിൽ തന്നെ ഇങ്ങനെ സ്വന്തം കളിക്കാരെ വേദനിപ്പിക്കുന്ന സംഭവങ്ങൾ വിരളമായിരിക്കും.
സി കെ വിനീതിന് പിന്തുണയുമായി മുൻ കേരള ബ്ലാസ്റ്റേഴ്സ് താരം മുഹമ്മദ് റാഫിയും എത്തിയിരുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ച ക്ലബുകളുടെ ഭാഗമായ താരങ്ങളാണ് മുഹമ്മദ് റാഫിയും സി കെ വിനീതും ഒക്കെ. അവർക്കൊക്കെ ആരാധകരിൽ നിന്ന് മോശം പെരുമാറ്റം നേരിടേണ്ടി വന്നത് കേരള ബ്ലാസ്റ്റേഴ്സ് കാലത്ത് മാത്രമാണെന്ന് പറയുമ്പോൾ അത് അവരുടെ തെറ്റായിരിക്കില്ല എന്ന് വേണം കരുതാൻ.
എണ്ണത്തിൽ മാത്രമല്ല ഗുണത്തിലും തങ്ങൾ നല്ലതാണെന്ന് ഇനിയെങ്കിലും മഞ്ഞപ്പട കാണിക്കേണ്ടതുണ്ട്. പ്രളയത്തിൽ കൈതാങ്ങ് ആയവരുടെയും, സലായുടെയും ബാന്നർ ഉയർത്തിയാൽ മാത്രം നല്ല ആരാധകർ ആവില്ല. അതിന് മഞ്ഞ ജേഴ്സിയിട്ട് കളിക്കുന്നവരെ ബഹുമാനിക്കുക കൂടി ചെയ്യേണ്ടതുണ്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ആരാധകർ എന്ന് സോഷ്യൽ മീഡിയയിൽ ഇരുന്ന് അഭിമാനം കൊള്ളുന്നവർക്ക് കളി കാണാൻ ആരാധാകരെ എത്തിക്കാൻ വരെ ഇപ്പോൾ കഴിയുന്നില്ല എന്നതു വേറെ കാര്യം. അവസാന ഹോം മത്സരത്തിൽ കളി കാണാൻ എത്തിയത് വെറും മൂവായിരം പേർ മാത്രമായിരുന്നു. ടീമിനെ പിന്തുണക്കുന്നത് ആകണം ടീമിനെ ആക്രമിക്കുന്നതിന് മുമ്പ് ആരാധക സംഘങ്ങൾ ചെയ്യേണ്ടത്.
വിമർശനങ്ങൾ ആവാം, അതിനും അപ്പുറം താരങ്ങളുടെ കുടുംബവും ജീവിതവും ആരാധാകർ കയ്യിലെടുക്കുന്ന ഇത്തരം ദയനീയ സംഭവങ്ങൾ ആവർത്തിക്കാതിരിക്കണം. വിനീതിന്റെ പരാതിയിൽ പോലീസ് നടപടികൾ ഇതിനകം തന്നെ ആരംഭിച്ചു. രണ്ട് മഞ്ഞപ്പട എക്സിക്യൂട്ടീവ് അംഗങ്ങളെ ചോദ്യം ചെയ്യാനായി പോലീസ് വിളിപ്പിച്ചിട്ടുണ്ട് എന്നാണ് വിവരം ലഭിക്കുന്നത്. ഇന്ത്യ കണ്ട ഏറ്റവും വലിയ ആരാധക കൂട്ടം നേടിയ പല പുരസ്കാരങ്ങൾക്ക് ഒപ്പം ഈ കളങ്കവും ഫുട്ബോൾ ലോകം ഓർക്കും എന്നത് ഇനിയെങ്കിലും മഞ്ഞപ്പട തിരിച്ചറിയുമെന്ന് കരുതാം.