മാഞ്ചസ്റ്റർ സിറ്റി അവരുടെ സ്വപ്ന കുതിപ്പ് തുടരുകയാണ്. ഇന്ന് മൗറീനോയുടെ സ്പർസിനെയും അവർ വീഴ്ത്തി. ഏകപക്ഷീകയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു സിറ്റിയുടെ വിജയം. സിറ്റി മധ്യനിര താരം ഗുണ്ടോഗൻ ഇരട്ട ഗോളുകളുമായി വിജയ ശില്പിയായി. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരുടീമുകളും കരുതലോടെയാണ് കളിച്ചത്. ഹാരി കെയ്നിന്റെ ഫ്രീകിക്കിലൂടെ സ്പർസ് ഗോൾ നേടുന്നതിന് അടുത്ത് എത്തി എങ്കിലും ക്രോസ് ബാറിൽ തട്ടി പന്ത് പുറത്തേക്ക് പോയി.
23ആം മിനുട്ടിൽ ഒരു പെനാൾട്ടിയിൽ നിന്നാണ് മാഞ്ചസ്റ്റർ സിറ്റി ലീഡ് എടുത്തത്. പെനാൾട്ടി എടുത്ത റോഡ്രി സുഖമായി ലക്ഷ്യം കണ്ടു. രണ്ടാം പകുതിയിലാണ് ബാക്കി രണ്ടു ഗോളുകൾ വന്നത്. 50ആം മിനുറ്റിൽ സ്റ്റെർലിംഗിന്റെ പാസിൽ നിന്നായിരുന്നു ഗുണ്ടൊഗന്റെ ഗോൾ. 66ആം മിനുട്ടിൽ എഡേഴ്സന്റെ മനോഹര പാസിൽ നിന്ന് ഗുണ്ടോഗൻ തന്റെ രണ്ടാം ഗോളും നേടി. ഈ വിജയം സിറ്റിയെ 23 മത്സരങ്ങളിൽ നിന്ന് 53 പോയിന്റിൽ എത്തിച്ചു. രണ്ടാമതുള്ള ലെസ്റ്റർ സിറ്റിയെക്കാൾ ഏഴു പോയിന്റ് ലീഡ് സിറ്റിക്ക് ഉണ്ട്. സിറ്റി ലെസ്റ്ററിനെക്കാൾ ഒരു മത്സരം കുറവുമാണ് കളിച്ചത്.