ഐ എസ് എല്ലിനെ വിമർശിച്ച് ഇന്ത്യൻ സൂപ്പർ താരം സുനിൽ ഛേത്രി രംഗത്ത്. ഇന്ന് ട്വിറ്ററിൽ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെയാണ് ഐ എസ് എല്ലിനെ ഛേത്രി വിമർശിച്ചത്. ഐ എസ് എല്ലിൽ ലീഗ് ഘട്ടത്തിൽ ഒന്നാമത് എത്തുന്ന ടീമിന് യാതൊരു ഗുണവും ലഭിക്കുന്നില്ല എന്ന വിഷമകരമാണെന്ന് ഛേത്രി പറയുന്നു. “അവസാന രണ്ടു വർഷവും ഐ എസ് എല്ലിൽ ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ഒന്നാമത് ഉള്ള ടീമിന്റെ ഭാഗമായിരുന്നു താൻ. ആ രണ്ടു ടീമുകളും പ്ലേ ഓഫ് കഴിഞ്ഞപ്പോൾ കിരീടം ഇല്ലാതെ മടങ്ങേണ്ടതായി വന്നു. 18 ആഴ്ചകൾ കഷ്ടപ്പെട്ടതിന് ഒരു ഗുണവും ലഭിക്കുന്നില്ല എന്നത് വേദനയാണ്” ഛേത്രി പറയുന്നു
“പരിക്ക്, സസ്പെൻഷൻ എന്നിവയെ ഒക്കെ മറികടന്ന്, വ്യക്തമായ തന്ത്രങ്ങൾ ഫലിപ്പിച്ചാണ് 18 ആഴ്ചത്തെ കഷ്ടപ്പാടിൽ ഒരു ടീം ഒന്നാമത് എത്തുന്നത്. പ്ലേ ഓഫ് ആരാധകർക്ക് വലിയ സന്തോഷം നൽകുന്നതാണ്. പക്ഷെ കളിക്കാർ ഇത്ര കഷ്ടപ്പെട്ട് ഒന്നാമത് എത്തുന്നതിന് എന്താണ് ലഭിക്കുന്നത്. കിരീടങ്ങൾ ഇല്ലായെങ്കിലും ഒരു എ എഫ് സി സ്ലോട്ട് എങ്കിലും ലീഗ് ഘട്ടം അവസാനിക്കുമ്പോൾ ഒന്നാമത് എത്തുന്നവർക്ക് ലഭിക്കണം. ഇതാണ് ഒരോ കളിക്കാരനും കളിയുമായി ബന്ധപ്പെട്ട എല്ലാവരും ആഗ്രഹിക്കുന്നത്.” ബെംഗളൂരു ക്യാപ്റ്റൻ പറയുന്നു.
ഐ എസ് എൽ എത്രയും പെട്ടെന്ന് ഈ പ്ലേ ഓഫും കിരീടവും എന്ന നിയമം ഒക്കെ മാറ്റുമെന്ന് പ്രതീക്ഷിക്കുന്നു എന്ന് പറഞ്ഞാണ് ഛേത്രി വീഡിയോ അവസാനിപ്പിക്കുന്നത്.
Just a thought that I'm throwing out there! pic.twitter.com/8r0SlKdudk
— Sunil Chhetri (@chetrisunil11) November 20, 2018