ഹോ ഇന്ത്യ!!! ഇത് ചരിത്രം, ഏഷ്യാ കപ്പിൽ സ്വപ്നത്തിനും മേലെയുള്ള തുടക്കം!!!

ഇനിയും ഇന്ത്യൻ ഫുട്ബോൾ ഉറങ്ങുകയാണെന്ന് പറയരുത്. ഇന്ത്യൻ ഫുട്ബോൾ ഉണർന്നിരിക്കുന്നു. അതിന്റെ ഫലം ആദ്യം അനുഭവിക്കേണ്ടി വന്നത് തായ്ലാന്റും. ഏഷ്യാ കപ്പിൽ ഗ്രൂപ്പിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ഇന്ത്യക്ക് ഇതിലും മികച്ച ഫലം കിട്ടാനില്ല. ഇന്ത്യക്ക് മുകളിൽ ആണെന്ന് എല്ലാവരും വിധിച്ച തായ്ലാന്റിനെ കശാപ്പ് ചെയ്തു കൊണ്ട് 4-1ന്റെ വിജയം. ഒരാളും പ്രവചിക്കാത്ത ഫലം തന്നെ.

1964ന് ശേഷം ആദ്യമായാണ് ഇന്ത്യ ഏഷ്യാ കപ്പിൽ ഒരു വിജയം നേടുന്നത്. രണ്ടാം പകുതിയ അത്ഭുത പ്രകടനമാണ് ഇന്ത്യക്ക് ഇത്ര വലിയ വിജയം നൽകിയത്. ആഷിഖ് കുരുണിയനെ സ്റ്റാർട്ട് ചെയ്യാനുള്ള തീരുമാനം മുതൽ ഇന്ന് കോൺസ്റ്റന്റൈൻ എടുത്ത എല്ലാ തീരുമാനങ്ങളും ഫലിക്കുന്നതാണ് തുടക്കം മുതൽ കണ്ടത്.

ആഷിഖ് ആദ്യ നിമിഷം മുതൽ തായ്ലാന്റ് ഡിഫൻസിനെ വിഷമിപ്പിക്കാൻ തുടങ്ങി. കളിയുടെ 27ആം മിനുട്ടിൽ ആഷിഖ് തന്നെ ഇന്ത്യയ്ക്ക് മുന്നിൽ എത്താനുള്ള അവസരവും ഒരുക്കി‌. ആഷിഖ് ഒരു ബോക്സിലേക്കുള്ള കുതിപ്പ് ഇന്ത്യക്ക് ഒരു പെനാൾട്ടി നേടിതന്നു. പെനാൾട്ടി സുനിൽ ഛേത്രി ഒട്ടും പിഴക്കാതെ ലക്ഷ്യത്തിൽ എത്തിക്കുകയും ചെയ്തു. ഇന്ത്യയുടെ സ്വപ്ന നിമിഷമായിരുന്നു അത്.

പക്ഷെ ആ ലീഡ് നീണ്ടു നിന്നില്ല. 32ആം മിനുട്ടിൽ ഒരു ലോംഗ് ഫ്രീകിക്കിൽ ഇന്ത്യൻ ഡിഫൻസ് ലൈനിന് പിഴച്ചു. ദംഗ്ഡയുടെ ഹെഡർ ഗുർപ്രീതിന് തടയാൻ ആവുന്ന ഒന്നായിരുന്നില്ല. സ്കോർ 1-1. 37ആം മിനുട്ടിൽ ഒരു അവസരം കൂടെ ഛേത്രിക്ക് ലഭിച്ചു എങ്കിലും മുതലാക്കാൻ ഇന്ത്യൻ ഇതിഹാസത്തിന് ആയില്ല. ആഷിഖ് ആയിരുന്നു ഇത്തവണയും ഗോൾ അവസരം ഒരുക്കി കൊടുത്തത്.

രണ്ടാം പകുതി വരെ ഒപ്പത്തിനൊപ്പം ആയിരുന്നെങ്കിൽ രണ്ടാം പകുതിയിൽ കളി ആകെ മാറി. ഇങ്ങനെ ഒരു ഇന്ത്യൻ പ്രകടനം അടുത്തൊന്നും ആരും കണ്ടിരിക്കില്ല. രണ്ടാം പകുതിയിൽ അഞ്ച് മിനുട്ട് കൊണ്ട് ഛേത്രി ഇന്ത്യയെ വീണ്ടും മുന്നിൽ എത്തിച്ചു. ഛേത്രി തുടങ്ങി വെച്ച കൗണ്ടർ അറ്റാക്ക് ഉദാന്തയും ആഷിഖും ചേർന്ന് ബോക്സിന് മുന്നിൽ എത്തിച്ചപ്പോൾ വൺ ടച്ച് ഫിനിഷിലൂടെ ഛേത്രി വലയുടെ ടോപ്പ് കോർണറിൽ എത്തിക്കുകയായിരുന്നു.

ഇന്ത്യ മുന്നിൽ എത്തി എങ്കിലും അറ്റാക്ക് ചെയ്യുന്നത് നിർത്തിയില്ല. രണ്ടാം പകുതിയിൽ ഉടനീളം ഇന്ത്യൻ അറ്റാക്ക് ആണ് കണ്ടത്. തായ്ലാന്റ് ചിത്രത്തിലേ ഉണ്ടായിരുന്നില്ല. 69ആം മിനുട്ടിൽ മറ്റൊരു കൗണ്ടർ അറ്റാക്ക് ഇന്ത്യക്ക് വിജയം ഉറപ്പിച്ച മൂന്നാം ഗോൾ നൽകി. ഇത്തവണയും ഛേത്രി ആണ് അറ്റാക്ക് തുടങ്ങിയത്. ഉദാന്ത ആ പന്ത് ഗോൾവലക്ക് മുന്നിൽ വെച്ച് അനുരുദ്ധ് താപയ്ക്ക് നൽകി. ഒരു ചിപ് ഷോട്ടിലൂടെ താപ ഇന്ത്യയുടെ മൂന്നാം ഗോൾ നേടി.

നാലാം ഗോൾ ജെജെയുടെ വക ആയിരുന്നു. മാസങ്ങളായി ഫോമിൽ ഇല്ലാതിരുന്ന ജെജെ സബ്ബായി ഇറങ്ങി മിനുട്ടുകൾക്കം തന്നെ വല കണ്ടെത്തുക ആയിരുന്നു. ഇന്ത്യ പഴയ ഇന്ത്യല്ല എന്ന് അറിയിക്കുന്ന പ്രകടനമായിരുന്നു ഇന്നത്തേത്. അടുത്ത മത്സരത്തിൽ ആതിഥേയരായ യു എ ഇയെ ആണ് ഇന്ത്യ നേരിടുക.

ഈ ജയത്തോടെ മൂന്ന് പോയന്റുമായി ഗ്രൂപ്പിൽ ഒന്നാമതാണ് ഇന്ത്യ ഇപ്പോൾ. ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ യു എ ഇയും ബഹ്റൈനും സമനിലയിൽ പിരിഞ്ഞിരുന്നു. ഇന്ത്യക്ക് ഈ വിജയം നോക്കൗട്ടിൽ എത്താൻ കഴിയുമെന്ന പ്രതീക്ഷ നൽകുന്നു.

Previous articleആഷിഖ് മിന്നുന്നു, ആദ്യ പകുതിയിൽ ഇന്ത്യയും തായ്ലാന്റും ഒപ്പത്തിനൊപ്പം
Next articleഞങ്ങളുടെ മെസ്സിയും റൊണാൾഡോയും എല്ലാം നീയേ ഛേത്രി!!!