പവര്‍പ്ലേയിലെ മോശം തുടക്കത്തിന് ശേഷം പത്തോവറില്‍ 88/0 എന്ന നിലയിലേക്ക് ഡല്‍ഹി ക്യാപിറ്റല്‍സിനെ എത്തിക്കുവാന്‍ ഓപ്പണര്‍മാര്‍ക്ക് സാധിച്ചുവെങ്കിലും ആ തുടക്കം തുടരുവാനാകാതെ പിന്നെ വന്ന ബാറ്റ്സ്മാന്മാര്‍. ഇന്നിംഗ്സിന്റെ രണ്ടാം പകുതിയില്‍ ടീം 3 വിക്കറ്റ് നഷ്ടപ്പെടുത്തി 87 റണ്‍സ് മാത്രമാണ് നേടിയത്. ഇതോടെ ഡല്‍ഹിയുടെ സ്കോര്‍ 175/3 എന്ന നിലയില്‍ അവസാനിച്ചു.
ഒരു ഘട്ടത്തില്‍ 200നടുത്തേക്ക് സ്കോര്‍ എത്തുമെന്ന് കരുതിയെങ്കിലും പിയൂഷ് ചൗളയുടെ വിക്കറ്റുകള്‍ ആണ് കളിയുടെ ഗതി മാറ്റിയത്. 25 പന്തില്‍ നിന്ന് 37 റണ്‍സ് നേടിയ ഋഷഭ് പന്തും ശ്രദ്ധേയമായ ഇന്നിംഗ്സ് പുറത്തെടുത്തു.
94 റണ്‍സ് ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം പിയൂഷ് ചൗള ഇരു ഓപ്പണര്‍മാരെയും പുറത്താക്കിയപ്പോള്‍ ഡല്‍ഹി ക്യാപിറ്റല്‍സ് 103/2 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. പിന്നീട് ക്രീസിലെത്തിയ ക്യാപ്റ്റന്‍ ശ്രേയസ്സ് അയ്യരും ഋഷഭ് പന്തും ചേര്‍ന്ന് ഡല്‍ഹി ക്യാപിറ്റല്‍സിനെ മുന്നോട്ട് നയിക്കുകയായിരുന്നു.
മൂന്നാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 58 റണ്‍സ് നേടിയെങ്കിലും ഡല്‍ഹി ഇന്നിംഗ്സിന് വേണ്ടത്ര വേഗത നല്‍കുവാന്‍ ഇരുവര്‍ക്കും സാധിച്ചില്ല. 26 റണ്‍സ് നേടിയ ശ്രേയസ്സ് അയ്യര്‍ 19ാം ഓവറില്‍ സാം കറന് വിക്കറ്റ് നല്‍കി മടങ്ങുകയായിരുന്നു.