വെസ്റ്റ് ഹാം യുണൈറ്റഡിന് എതിരെ 90ആം മിനുട്ടിലെ ഗോളിൽ ചെൽസിക്ക് വിജയം. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു ചെൽസിയുടെ വിജയം.
സ്റ്റാംഫോ ബ്രിഡ്ജിൽ ഒരിക്കൽ കൂടെ ചെൽസി പതറുന്നതാണ് ഇന്ന് വെസ്റ്റ് ഹാമിനെതിരെ തുടക്കത്തിൽ കണ്ടത്. ലണ്ടണിലെ രണ്ട് ടീമുകളും ആദ്യ പകുതിയിൽ നല്ല അവസരങ്ങൾ സൃഷ്ടിക്കുന്നതിൽ പരാജയപ്പെട്ടു. രണ്ടാം പകുതിയിൽ ചെൽസി അറ്റാക്കുകൾ വേഗം കൂട്ടി. വെർണർ പലപ്പോഴും നല്ല അറ്റാക്കിംഗ് പൊസിഷനിൽ എത്തി എങ്കിലും ഫബിയാൻസ്കിയെ പരീക്ഷിക്കാൻ ആയില്ല. വെസ്റ്റ് ഹാം സെന്റർ ബാക്ക് ഡോസന്റെനല്ല ഒരു ബ്ലോക്ക് മൗണ്ടിനെയും ഗോളിൽ നിന്ന് തടഞ്ഞു.
മറുവശത്ത് യാർമലെങ്കോയ്ക്ക് കിട്ടിയ അവസരം ഇരട്ട സേവിലൂടെ മെൻഡിയും തടഞ്ഞു. ചെൽസി ഹവേർട്സിനെയും വെർണറെയും പിൻവലിച്ച് ലുകാകുവിനെയും പുലിസികിനെയും സിയെചിനെയും രംഗത്ത് ഇറക്കി അറ്റാക്ക് ശക്തമാക്കി.
84ആം മിനുട്ടിൽ ഡോസൻ ലുകാകുവിനെ ഫൗൾ ചെയ്തതിന് പെനാൾട്ടി വിധിക്കപ്പെട്ടു. ഡോസണ് ചുവപ്പ് കാർഡും ലഭിച്ചു. പെനാൾട്ടി എടുത്ത ജോർഗീനീക്ക് പിഴച്ചു. ഫബിനോ അനായാസം പെനാൾട്ടി സേവ് ചെയ്തു. വിജയം കൈവിട്ട് എന്ന് ചെൽസി കരുതി എങ്കുലും പുലിസിക് രക്ഷകനായി. 90ആം മിനുട്ടിൽ അലോൺസോയുടെ പാസിൽ നിന്നായിരുന്നു പുലിസികിന്റെ ഫിനിഷ്.
ഈ ജയത്തോടെ ചെൽസി 65 പോയിന്റുമായി മൂന്നാമത് നിൽക്കുന്നു. വെസ്റ്റ് ഹാം 52 പോയിന്റുമായി ഏഴാമതും നിൽക്കുന്നു.