വലിയ തീരുമാനങ്ങൾ എടുക്കാൻ മറീന ഇനി ചെൽസിയിൽ ഇല്ല

20220621 200032

ഫുട്ബാൾ ലോകത്തെ ഏറ്റവും കരുത്തുറ്റ വനിത.വിശേഷിപ്പിക്കാൻ മറ്റു വാക്കുകൾ ഇല്ല മറീന ഗ്രാനവ്സ്കയെ. പുരുഷന്മാർ അരങ്ങു വാഴുന്ന ക്ലബ്ബ് ഫുട്ബോളിന്റെ ഭരണക്രമത്തിൽ സ്വന്തമായി പേരെഴുതി ചേർത്ത വ്യക്‌തി. ആരാധകർ ടീം ഉടമ റോമൻ അബ്രഹ്മോവിച്ചിനെ പോലെ തന്നെ മറീനയെയും സ്നേഹിച്ചു.റോമൻ അബ്രഹ്മോവിച് ചെൽസിയെ പുതിയ ഉടമസ്ഥരുടെ കൈകളിലേക്ക് കൈമാറിയത്തിന്റെ വേദനയിൽ നിന്നും ചെൽസി ആർധകർ മോചിതരായി വരുന്നതിനിടെയാണ് പിറകെ മറീനയും ടീം വിട്ടേക്കും എന്ന അഭ്യുഹങ്ങൾ വന്നത്. എന്നാൽ ഇപ്പൊൾ മറീന ചെൽസിയിൽ നിന്നും പടിയിറങ്ങുമെന്ന കാര്യം ഏകദേശം ഉറപ്പായിരിക്കുകയാണ്. ചെയർമാൻ സ്ഥാനത്ത് നിന്ന് ബ്രൂസ് ബക്ക് മാറുകയാണ് എന്ന് ഉറപ്പായതോടെയാണ് ക്ലബ്ബ് ഡയറക്ടർ സ്ഥാനത്ത് നിന്നും മറീനയും ഒഴിയുന്നത്.
20220621 200032
2010മുതൽ ഔദ്യോഗികമായി ചെൽസിയിൽ ചുമതലയേറ്റ മറീന 2013 ചെൽസി ബോർഡ് അംഗമായി. 2014ൽ ചീഫ് എക്സിക്യൂട്ടീവ് സ്ഥാനത്തും എത്തി. ടീമിന്റെ ട്രാൻസ്ഫർ ജാലകത്തിലെ നീക്കങ്ങൾക്ക് ചുക്കാൻ പിടിച്ചു. മികച്ച താരങ്ങളെ ചെൽസിയിൽ എത്തിക്കുന്നതിൽ നിർണായക സ്വാധീനം ആയി.

ചെൽസിയുടെ തലപ്പത്ത് വലിയ മാറ്റങ്ങൾക്കാണ് ഇതോടെ കളമൊരുങ്ങിയിരിക്കുന്നത്. മുൻ ഉടമ അബ്രഹ്മോവിച്ചിനോടൊപ്പം ചെൽസിയിൽ തുടക്ക കാലം മുതൽക്കെയുള്ള ബ്രൂസ് ബക്ക് പടിയിറങ്ങുമെന്ന് ഉറപ്പായതോടെ ആരാധകർ പേടിച്ചത് ഇപ്പോൾ മറീന കൂടി ടീമിനോട് യാത്ര പറയുമ്പോൾ യാഥാർഥ്യമാവുകയാണ്. പുതിയ ഉടമസ്ഥരിൽ ഒരാളായ ടോഡ് ബോയെഹ്ലി ആവും ബക്കിൽ നിന്നും സ്ഥാനം ഏറ്റെടുക്കുക. ഏകദേശം രണ്ടു പതിറ്റാണ്ട് ചെൽസിയെ യൂറോപ്പിലെ ഏറ്റവും കരുത്തുറ്റ ടീമുകളിൽ ഒന്നായി വളർത്തിയ മിക്ക ബോർഡ് അംഗങ്ങളെയും ടീമിന് നഷ്ടമാവുകയാണ്. മികച്ച പ്ലെയേഴ്സിനെ ടീമിൽ എത്തിച്ചിരുന്നതിന് ചുക്കാൻ പിടിച്ച “ഉരുക്കു വനിത” മറീനയുടെ അഭാവം ടീമിനെയും ആരാധകരേയും ഒരുപോലെ വേദനിപ്പിക്കും.ഫോബ്സ് മാഗസിന്റെ കായിക ലോകത്തെ ഏറ്റവും കരുത്തരായ വനിതകളുടെ പട്ടികയിലും മറീന ഇടം പിടിച്ചിരുന്നു. ഈ മാസത്തോടെ ഇവർ ചെൽസിയിൽ നിന്നും പടിയിറങ്ങും എന്നാണ് സൂചനകൾ.