കഴിഞ്ഞ ദിവസം എഫ്.എ കപ്പ് ഫൈനലിൽ ലെസ്റ്റർ സിറ്റിയോട് തോറ്റതിന് കണക്ക് തീർത്ത് ചെൽസി. പ്രീമിയർ ലീഗിൽ ചാമ്പ്യൻസ് യോഗ്യത ഉറപ്പിക്കാൻ നിർണ്ണായകമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി ലെസ്റ്റർ സിറ്റിയെ പരാജയപ്പെടുത്തിയത്. ജയത്തോടെ ചെൽസി ലെസ്റ്റർ സിറ്റിയെ മറികടന്ന് പ്രീമിയർ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്ത് എത്തി. അതെ സമയം ചെൽസിയോട് തോറ്റതോടെ ലെസ്റ്റർ സിറ്റി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നാളെ നടക്കുന്ന ബേൺലി ലിവർപൂൾ മത്സരത്തിൽ ലിവർപൂൾ ജയിച്ചാൽ ലെസ്റ്റർ സിറ്റി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടും.
മത്സരത്തിന്റെ തുടക്കം മുതൽ ചെൽസിയാണ് മികച്ച അവസരങ്ങൾ സൃഷ്ട്ടിച്ചത്. രണ്ട് തവണ ചെൽസി ലെസ്റ്റർ ഗോൾ വല കുലുക്കിയെങ്കിലും രണ്ട് തവണയും വെർണറുടെ ഗോൾ ‘വാർ’ നിഷേധിച്ചു. കൂടാതെ പെനാൽറ്റിക്ക് വേണ്ടിയുള്ള ചെൽസിയുടെ അപ്പീൽ റഫറി നിഷേധിക്കുകയും ചെയ്തു. എന്നാൽ രണ്ടാം പകുതിയുടെ തുടക്കത്തിൽ പ്രതിരോധ താരം റൂഡിഗറിന്റെ ഗോളിൽ ചെൽസി മത്സരത്തിൽ മുൻപിലെത്തി. തുടർന്ന് ലെസ്റ്റർ പെനാൽറ്റി ബോക്സിൽ വെർണറിനെ ഫൗൾ ചെയ്തതിന് അനുകൂലമായി ലഭിച്ച ഗോളാക്കി ജോർഗീനോ ചെൽസിയുടെ ലീഡ് ഉയർത്തുകയും ചെയ്തു. എന്നാൽ ചെൽസി താരം കോവസിച്ചിന്റെ പിഴവിൽ നിന്ന് ലെസ്റ്റർ താരം ഇഹിനാചോ ഒരു ഗോൾ മടക്കിയെങ്കിലും തുടർന്ന് സമനില ഗോൾ നേടാൻ ലെസ്റ്ററിനായില്ല.