ആവേശം നിറഞ്ഞ മത്സരത്തിനൊടുവിൽ ആഴ്സണലിനെ ചെൽസി മറികടന്നു. ഉനൈ എമറിയും മൗറീസിയോ സാറിയും ആദ്യമായി ഏറ്റു മുട്ടിയ ലണ്ടൻ ഡർബിയിൽ 3-2 നാണ് നിലപ്പട ജയം സ്വന്തമാക്കിയത്. ആദ്യ പകുതിയിൽ 2 ഗോളുകൾക്ക് പിറകിൽ പോയ ശേഷം ശക്തമായ തിരിച്ചു വരവ് നടത്തിയ ആഴ്സണലിന് പക്ഷെ രണ്ടാം പകുതിയിൽ കാലിടറുകയായിരുന്നു.
ഇരു ടീമുകളുടെയും ആക്രമണ ശക്തി തിരിച്ചറിഞ്ഞ ആദ്യ പകുതിയിൽ 4 ഗോളുകളാണ് പിറന്നത്. ചെൽസിയുടെ പാസിങിനും പ്രെസ്സിങ്ങിനും മുൻപിൽ ആഴ്സണൽ പതറിയപ്പോൾ ആദ്യ ലീഡ് നേടിയത് ചെൽസി. പെഡ്രോയാണ് ഗോൾ നേടിയത്. ഏറെ വൈകാതെ ഒബമയാങിന് മികച്ച അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ഷോട്ട് പുറത്തേക്ക് പോയി. 20 ആം മിനുട്ടിൽ ചെൽസി ലീഡ് ഉയർത്തി. മൊറട്ടയാണ് ഗോൾ നേടിയത്.
പിറകിൽ പോയതോടെ ആഴ്സണൽ ചെൽസി പ്രതിരോധത്തിലെ ബാലഹീനതകൾ മുതലാക്കി മത്സരത്തിലേക്ക് തിരിച്ചു വന്നു. 37 ആം മിനുട്ടിൽ മികിതാര്യന്റെ ഗോളിൽ ഒന്ന് മടക്കിയ ആഴ്സണൽ 4 മിനുട്ടുകൾക്ക് ശേഷം ഇവോബിയിലൂടെ സ്കോർ 2-2 ആക്കി.
രണ്ടാം പകുതിയിൽ ചാക്കക്ക് പകരം റ്റോറേറയെ ഇറക്കി. ചെൽസി മത്സരം ഒരു മണിക്കൂർ പിന്നിട്ടപ്പോൾ കോവചിച്, ഹസാർഡ് എന്നിവരെ കളത്തിൽ ഇറക്കി. പിന്നീട് മികച്ച പാസിംഗിലൂടെ ചെൽസി മത്സരത്തിൽ ആധിപത്യം സ്ഥാപിച്ചു. 81 ആം മിനുട്ടിലാണ് ചെൽസിയുടെ വിജയ ഗോൾ പിറന്നത്. ഹസാർഡിന്റെ മികച്ചൊരു പാസ്സ് ഗോളാക്കി ആലോൻസോ സാറിക്ക് ആദ്യ ഹോം ഗ്രൗണ്ട് ജയം സമ്മാനിച്ചു.