ഈ സീസണിലെ ആദ്യ വലിയ പ്രീമിയർ ലീഗ് മത്സരത്തിൽ ആവേശ സമനില. ഇന്ന് അവസന നിമിഷം ആണ് സ്പർസ് ചെൽസിയുടെ വിജയം തടഞ്ഞത്. ചെൽസിയുടെ ഹോം ഗ്രൗണ്ടിൽ നടന്ന ലണ്ടൺ ഡാർബി 2-2 എന്ന നിലയിൽ അവസാനിച്ചു.
ഇന്ന് സ്റ്റാംഫോബ്രിഡ്ജിൽ കരുതലോടെയാണ് ഇരുടീമുകളും കളി ആരംഭിച്ചത്. ചെൽസിക്കും സ്പർസിനും അവസരങ്ങൾ അധികം സൃഷ്ടിക്കാൻ ആയില്ല. 19ആം മിനുട്ടിൽ ഒരു കോർണറിൽ നിന്നാണ് ചെൽസി ലീഡ് എടുത്തത്. കുകുറേയ എടുത്ത കോർണറിൽ ബോക്സിൽ മാർക്ക് ചെയ്യാതെ നിൽക്കുക ആയിരുന്ന കൗലിബലി ഒരു കണ്ണഞ്ചിപ്പിക്കുന്ന വോളിയിലൂടെ തന്റെ ചെൽസി കരിയറിലെ ആദ്യ ഗോൾ നേടി.
ഈ ഗോളിന് ശേഷം ചെൽസിയാണ് മെച്ചപ്പെട്ട ഫുട്ബോൾ കളിച്ചത്. 60 മിനുട്ടുകൾ കഴിഞ്ഞപ്പോൾ കോണ്ടെ സ്പർസിന്റെ ഫോർമേഷൻ മെല്ലെ മാറ്റിയതോടെ സ്പർസ് അവസരങ്ങൾ സൃഷ്ടിക്കാൻ തുടങ്ങി. 68ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു ഗ്രൗണ്ടറിലൂടെ ഹൊയ്ബെർഗ് സ്പർസിന് സമനില നൽകി. ഈ ഗോൾ ആഘോഷിക്കുന്നതിനിടയിൽ സ്പർസിന്റെ മാനേജർ കോണ്ടെയും ചെൽസി മാനേജർ ടൂചലും തമ്മിൽ ഉരസിയത് മത്സരത്തിന്റെ ആവേശം വർധിപ്പിച്ചു.
77ആം മിനുട്ടിൽ റീസ് ജെയിംസിലൂടെ ചെൽസി വീണ്ടും മുന്നിൽ എത്തി. സ്റ്റെർലിംഗിന്റെ പാസിൽ നിന്നായിരുന്നു ജെയിംസിന്റെ ഗോൾ. ഈ ഗോൾ ടൂചൽ ടച്ച് ലൈനിലൂടെ ഏറെ ദൂരം ഓടിക്കൊണ്ട് ആഘോഷിച്ചത് കോണ്ടെക്കുള്ള മറുപടിയായിരുന്നു.
ഇതിനു ശേഷം ഇരുടീമുകളും അറ്റാക്കിംഗ് ഫുട്ബോൾ തുടർന്നു. അവസാനം 95ആം മിനുട്ടിൽ ഹാരി കെയ്നിന്റെ ഗോൾ സ്പർസിന് സമനില നൽകി. മത്സര ശേഷം വീണ്ടും ഇരു പരിശീലകരും ഏറ്റുമുട്ടുന്നതും കാണാൻ ആയി.
Story Highlight: Chelsea 2-2 Tottenham in London Derby