ഡെൽഹി ഡൈനാമോസിന്റെ താരം ലാലിയൻസുവാല ചാങ്തെ ഇനി യൂറോപ്പിൽ കളിക്കും. നോർവീജിയൻ ക്ലബായ വൈകിങ് എഫ് കെ ആണ് ചാങ്തെ സ്വന്തമാക്കിയിരിക്കുന്നത്. ഇതിനു മുമ്പ് രണ്ട് തവണ വൈകിങിനൊപ്പം ട്രയൽസിൽ ഉണ്ടായിരുന്ന താരത്തെ ഇപ്പോൾ ക്ലബ് ഔദ്യോഗികമായി സൈൻ ചെയ്തിരിക്കുകയാണ്.
മെഡിക്കൽ പൂർത്തിയാക്കിയ ചാങ്തെ ഒന്നര വർഷത്തെ കരാർ ആകും വൈകിങുമായി ഒപ്പുവെക്കുന്നത്. അവസാന രണ്ട് സീസണുകളിലായി ഡെൽഹി ഡൈനാമോസിന്റെ പ്രധാന താരമായരുന്നു 22കാരനായ ചാങ്തെ. ഇപ്പോൾ ഇന്ത്യൻ ദേശീയ ടീമിന്റെയും വിങ്ങറാണ് ചാങ്തെ. നോർവേ ലീഗിൽ കളിക്കുന്ന രണ്ടാമത്തെ ഇന്ത്യൻ താരമായി ചാങ്തെ മാറും. മുമ്പ് ഇന്ത്യൻ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധുവും നോർവെയിൽ കളിച്ചിട്ടുണ്ട്. നോർവേ ക്ലബായ സ്റ്റെബക്കിനൊപ്പം ആയിരുന്നു ഗുർപ്രീത് കളിച്ചത്.
വൈകിങുമായി കരാർ ഒപ്പുവെച്ചെങ്കിലും അടുത്ത ഐ എസ് എല്ലിലും ചാങ്തെ കളിക്കും. നോർവീജയൻ ലീഗ് വേഗം അവസാനിക്കും എന്നതിനാൽ ലോൺ അടിസ്ഥാനത്തിൽ ജനുവരി മുതൽ ചാങ്തെയ്ക്ക് ഐ എസ് എല്ലിൽ കളിക്കാം.