മൂന്നാം ശതകം!!! റെഡ് ഹോട്ട് ഫോമിൽ ബട്‍ലര്‍, അവസാന ഓവറുകളിൽ കത്തിക്കയറി സഞ്ജുവും

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ഐപിഎലില്‍ ഈ സീസണിൽ തന്റെ മൂന്നാമത്തെ ശതകം ജോസ് ബട്‍ലര്‍ നേടിയപ്പോള്‍ ഡൽഹി ക്യാപിറ്റൽസ് ബൗളര്‍മാര്‍ക്ക് ലഭിച്ച പ്രഹരങ്ങള്‍ക്ക് കണക്കില്ല. ആദ്യ മൂന്നോവറിൽ മെല്ലെ തുടങ്ങിയ രാജസ്ഥാന്‍ പിന്നീട് മത്സരത്തിൽ ആധിപത്യം ജോസ് ബട്‍ലറിലൂടെ ഉറപ്പിക്കുന്ന കാഴ്ചയാണ് കണ്ടത്. 19 പന്തിൽ സഞ്ജു 46 റൺസ് നേടിയപ്പോള്‍ 222/2 എന്ന സ്കോറിലേക്ക് രാജസ്ഥാന്‍ റോയൽസ് കുതിച്ചു.

ബട്‍ലറും ദേവ്ദത്ത് പടിക്കലും ചേര്‍ന്ന് ഒന്നാം വിക്കറ്റിൽ 155 റൺസ് നേടിയപ്പോള്‍ 16ാം ഓവറിലെ ആദ്യ പന്തിൽ മാത്രമാണ് ഈ കൂട്ടുകെട്ട് തകര്‍ക്കുവാന്‍ ഡൽഹിയ്ക്ക് സാധിച്ചത്. ലളിത് യാദവിനെയും കുൽദീപ് യാദവിനെയും തിരഞ്ഞ് പിടിച്ച് ബട്‍ലര്‍ ആക്രമിച്ചപ്പോള്‍ മറുവശത്ത് ദേവ്ദത്തും നിര്‍ണ്ണായക ഇന്നിംഗ്സാണ് പുറത്തെടുത്തത്.

Devduttjosbuttler

35 പന്തിൽ 54 റൺസ് നേടിയ താരത്തെ ഖലീൽ അഹമ്മദ് വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ആ ഓവറിൽ വെറും മൂന്ന് റൺസാണ് ഖലീൽ വിട്ട് നൽകിയത്. എന്നാൽ ഖലീലിന്റെ അടുത്ത ഓവറിൽ സഞ്ജു തന്റെ ഉഗ്രരൂപം പൂണ്ടപ്പോള്‍ മത്സരത്തിലെ 18ാം ഓവറിൽ നിന്ന് 21 റൺസാണ് പിറന്നത്.

Sanjusamson

രണ്ട് സിക്സും രണ്ട് ഫോറുമാണ് ഓവറിൽ നിന്ന് സഞ്ജു നേടിയത്. ഓവറിലെ അവസാന പന്തിൽ ഖലീൽ സഞ്ജുവിന്റെ ക്യാച്ച് കൈവിടുകയായിരുന്നു. 65 പന്തിൽ 116 റൺസ് നേടിയ ജോസ് 19ാം ഓവറിൽ മുസ്തഫിസുറിന് വിക്കറ്റ് നൽകി മടങ്ങുമ്പോള്‍ താരം 9 വീതം സിക്സും ഫോറുമാണ് തന്റെ വെടിക്കെട്ട് ഇന്നിംഗ്സിൽ നേടിയത്. 47 റൺസാണ് ബട്‍ലറും സഞ്ജുവും ചേര്‍ന്ന് നേടിയത്.

സഞ്ജു 5 ഫോറും 3 സിക്സും അടക്കം 19 പന്തിൽ 46 റൺസ് നേടിയപ്പോള്‍ 242.11 എന്ന സ്ട്രൈക്ക് റേറ്റിലാണ് താരം സ്കോര്‍ ചെയ്തത്.