ജർമ്മൻ ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തകർത്തു ആർ.ബി ലൈപ്സിഗ്. സ്വന്തം മൈതാനത്ത് നടന്ന മത്സരത്തിൽ 64 ശതമാനം പന്ത് കൈവശം വച്ചത് ഡോർട്ട്മുണ്ട് ആയിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത് ലൈപ്സിഗ് ആയിരുന്നു. മത്സരത്തിന്റെ തുടക്കത്തിൽ ലഭിച്ച സുവർണാവസരം ക്യാപ്റ്റൻ മാർകോ റൂയിസ് പാഴാക്കിയത് ഡോർട്ട്മുണ്ടിന് തിരിച്ചടിയായി. തുടർന്ന് 21 മത്തെ മിനിറ്റിൽ ലൈപ്സിഗ് ഡോർട്ട്മുണ്ടിനെ ഞെട്ടിച്ചു. ക്രിസ്റ്റഫർ എങ്കുങ്കുവിന്റെ പാസിൽ നിന്നു കൊനാർഡ് ലൈയ്മർ ആണ് ലൈപ്സിഗിന് ആദ്യ ഗോൾ സമ്മാനിച്ചത്. മുപ്പതാം മിനിറ്റിൽ കൊനാർഡ് ലൈയ്മറിന്റെ ബോക്സിന് പുറത്ത് നിന്നുള്ള ഷോട്ട് ഡോർട്ട്മുണ്ട് താരത്തിന്റെ കാലിൽ തട്ടി ഗോൾ ആയതോടെ ഡോർട്ട്മുണ്ട് രണ്ടു ഗോളിന് പിന്നിലായി.
രണ്ടാം പകുതിയിൽ ഡോർട്ട്മുണ്ടിന് അടുത്ത അടിയായി 57 മത്തെ മിനിറ്റിൽ ലൈപ്സിഗിന്റെ മൂന്നാം ഗോളും വന്നു. ഇത്തവണ ലൈയ്മറിന്റെ പാസിൽ നിന്നു എങ്കുങ്കു ആയിരുന്നു അവരുടെ ഗോൾ നേടിയത്. ഇതോടെ ഡോർട്ട്മുണ്ട് വലിയ പരാജയം ഉറപ്പിച്ചു. മത്സരത്തിന്റെ അവസാന നിമിഷങ്ങളിൽ 84 മത്തെ മിനിറ്റിൽ ഡോർട്ട്മുണ്ട് ഒരു ഗോൾ തിരിച്ചടിച്ചു. എമറെ ചാനിന്റെ കോർണറിൽ നിന്നു ഹെഡറിലൂടെ ഡോണിയൽ മാലൻ ആണ് അവർക്ക് ആയി ആശ്വാസ ഗോൾ നേടിയത്. എന്നാൽ രണ്ടു മിനിറ്റുകൾക്കു അകം ലൈപ്സിഗ് ഡോർട്ട്മുണ്ടിന് അവസാന ഷോക്കും നൽകി. ഇത്തവണ എങ്കുങ്കുവിന്റെ പാസിൽ നിന്നു ബോക്സിന് പുറത്ത് നിന്ന് അതുഗ്രൻ അടിയിലിലൂടെ ഡാനി ഓൽമോ ആണ് ലൈപ്സിഗിന്റെ നാലാം ഗോൾ നേടിയത്. ലൈപ്സിഗിന് ചാമ്പ്യൻസ് ലീഗ് യോഗ്യത നേടാൻ ഈ ജയം വലിയ സഹായകമാവും.