മിയാമി ഓപ്പണിലും ജയിച്ചു ഇഗ, ഫൈനലിൽ ഒസാക്കയെ നിലം തൊടീച്ചില്ല

ഇന്ത്യൻ വെൽസ് കിരീടത്തിനു പിറകെ മിയാമി ഓപ്പണിലും ജയം കണ്ടു പോളണ്ടിന്റെ പുതിയ ലോക ഒന്നാം നമ്പർ ഇഗ സ്വിയാറ്റക്. ഫൈനലിൽ മുൻ ലോക ഒന്നാം നമ്പർ താരം നയോമി ഒസാക്കയെ 6-4, 6-0 എന്ന സ്കോറിന് തോൽപ്പിച്ചു ആണ് ഇഗ സൺഷെയിൻ ഡബിൾ പൂർത്തിയാക്കിയത്. മത്സരത്തിൽ ഒരവസരവും ഇഗ ഒസാക്കക്ക് നൽകിയില്ല. നാലു തവണ ഇരു സെറ്റുകളിൽ ആയി ബ്രൈക്ക് നേടി ഇഗ. ആദ്യ സെറ്റിൽ നാലു ഗെയിമുകൾ നഷ്ടമായെങ്കിൽ രണ്ടാം സെറ്റിൽ ഇഗ ഒരവസരവും ഒസാക്കക്ക് നൽകിയില്ല.

Screenshot 20220403 012227

തുടർച്ചയായ പതിനേഴാം ജയം കുറിച്ച ഇഗ തുടർച്ചയായ മൂന്നാം ഡബ്യു.ടി.എ 1000 കിരീടം ആണ് മിയാമിയിൽ നേടുന്നത്. സീസണിന്റെ തുടക്കത്തിൽ തുടർച്ചയായി മൂന്നു ഡബ്യു.ടി.എ 1000 കിരീടം നേടുന്ന ആദ്യ താരമായി ഇഗ ഇതോടെ മാറി. തുടർച്ചയായ 20 സെറ്റുകൾ ആണ് ഈ വിജയത്തിന് ഇടയിൽ ഇഗ നേടിയത്. ഇന്ത്യൻ വെൽസ്, മിയാമി ഓപ്പൺ(സൺഷെയിൻ ഡബിൾ) ഏറ്റവും പ്രായം കുറഞ്ഞതും നാലാമത്തെ മാത്രം വനിത താരമാണ് 21 കാരിയായ ഇഗ. ഡബ്യു.ടി.എ ഫൈനലുകളിൽ കളിച്ച ഏഴിൽ ആറിലും ജയിച്ച ഇഗ ഫൈനലുകളിൽ തുടർച്ചയായി 12 സെറ്റുകൾ ആണ് നിലവിൽ നേടിയത്. തിങ്കളാഴ്ച ലോക ഒന്നാം നമ്പറിൽ എത്തുന്ന ഇഗ ബാർട്ടി ഉപേക്ഷിച്ചു പോയ സിംഹാസനത്തിലേക്ക് ആണ് കയറി ഇരിക്കുന്നത്.