3 പെനാൽട്ടിയിൽ രണ്ടണ്ണം ഗോളാക്കി ബെൻസെമ, സെൽറ്റയെ വീഴ്ത്തി റയൽ മാഡ്രിഡ്

സ്പാനിഷ് ലാ ലീഗയിൽ റയൽ മാഡ്രിഡ് വിജയവഴിയിൽ തിരിച്ചെത്തി. തീർത്തും നാടകീയമായ മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു റയലിന്റെ ജയം. മത്സരത്തിൽ റയലിന് പന്ത് കൈവശം വക്കുന്നതിൽ കൂടുതൽ മുൻതൂക്കം ഉണ്ടായിരുന്നു എങ്കിലും കൂടുതൽ അവസരങ്ങൾ തുറന്നത് സെൽറ്റ ആയിരുന്നു. 3 പെനാൽട്ടിയാണ് റയലിന് മത്സരത്തിൽ ലഭിച്ചത്. മത്സരത്തിൽ 19 മത്തെ മിനിറ്റിൽ പെനാൽട്ടിയിലൂടെ ബെൻസെമ റയലിനെ മുന്നിലെത്തിച്ചു. മിലിറ്റോയെ നോലിറ്റോ വീഴ്ത്തിയതിനു ആണ് റയലിന് പെനാൽട്ടി ലഭിച്ചത്. ഗോൾ വഴങ്ങിയ ശേഷം സെൽറ്റ വിഗോ കൂടുതൽ അപകടകാരികൾ ആയി.

രണ്ടാം പകുതിയിൽ 52 മത്തെ മിനിറ്റിൽ ജാവി ഗാലന്റെ പാസിൽ നോലിറ്റോ സെൽറ്റയെ മത്സരത്തിൽ ഒപ്പമെത്തിച്ചു. 63 മത്തെ മിനിറ്റിൽ റയലിന് വീണ്ടും പെനാൽട്ടി ലഭിച്ചു. ഇത്തവണ റോഡ്രിഗോയെ ജെയ്സൻ മുരില്ലോ വീഴ്ത്തിയതിനു ലഭിച്ച പെനാൽട്ടി ഗോൾ ആക്കി മാറ്റാൻ ബെൻസെമക്ക് ആയില്ല. ഫ്രഞ്ച് താരത്തിന്റെ പെനാൽട്ടി സെൽറ്റ ഗോൾ കീപ്പർ മറ്റിയാസ് ഡിടൂറ രക്ഷിക്കുക ആയിരുന്നു. എന്നാൽ 69 മത്തെ മിനിറ്റിൽ റയലിന് വീണ്ടും പെനാൽട്ടി ലഭിച്ചു. ഫെർലാന്റ് മെന്റിയെ കെവിൻ വാസ്കസ് വീഴ്ത്തിയതിനു ആണ് റയലിന് പെനാൽട്ടി ലഭിച്ചത്. ഇത്തവണ പെനാൽട്ടി ലക്ഷ്യം കണ്ട കരീം ബെൻസെമ റയലിന് വിജയം സമ്മാനിക്കുക ആയിരുന്നു. തുടർന്നും ഗോൾ തിരിച്ചടിക്കാൻ സെൽറ്റ ശ്രമിച്ചു എങ്കിലും റയൽ പ്രതിരോധം പിടിച്ചു നിന്നു. നിലവിൽ രണ്ടാമതുള്ള സെവിയ്യയെക്കാൾ 12 പോയിന്റുകൾ മുന്നിൽ ഒന്നാമത് ആണ് റയൽ അതേസമയം സെൽറ്റ ലീഗിൽ 11 സ്ഥാനത്ത് ആണ്.