2017 നു ശേഷം ബുണ്ടസ് ലീഗയിൽ ബൊറൂസിയ ഡോർട്ട്മുണ്ടിനെ തോൽപ്പിച്ചു ആർ.ബി ലൈപ്സിഗ്. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് ജെസ്സി മാർഷിന്റെ ടീം ഡോർട്ട്മുണ്ടിനെ മറികടന്നത്. റെഡ് ബുൾ അറീനയിൽ മത്സരത്തിൽ നേരിയ മുൻതൂക്കം ലൈപ്സിഗിന് ആയിരുന്നു. 29 മത്തെ മിനിറ്റിൽ ആണ് മത്സരത്തിലെ ആദ്യ ഗോൾ വന്നത്. ജോസ്കോയുടെ പാസിൽ നിന്നു ക്രിസ്റ്റഫർ എങ്കുങ്കു ആയിരുന്നു ലൈപ്സിഗിന് മുൻതൂക്കം സമ്മാനിച്ചത്.
രണ്ടാം പകുതിയിൽ തോമസ് മുനിയറിന്റെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ക്യാപ്റ്റൻ മാർകോ റൂയിസ് ഡോർട്ട്മുണ്ടിനു സമനില ഗോൾ സമ്മാനിച്ചു. എന്നാൽ തുടർന്നും ഗോൾ നേടാനുള്ള ലൈപ്സിഗിന്റെ ശ്രമം വിജയിച്ചപ്പോൾ 68 മത്തെ മിനിറ്റിൽ അവരുടെ വിജയഗോൾ വന്നു. ഡോർട്ട്മുണ്ടിനു എതിരെ മികച്ച റെക്കോർഡ് ഉള്ള യൂസഫ് പൗൾസൻ ആയിരുന്നു ലൈപ്സിഗിന്റെ വിജയഗോൾ നേടിയത്. എങ്കുങ്കുവിന്റെ പാസിൽ നിന്നായിരുന്നു പൗൾസന്റെ ഗോൾ. ജയത്തോടെ ലീഗിൽ അഞ്ചാം സ്ഥാനത്തേക്ക് ലൈപ്സിഗ് ഉയർന്നു. ഡോർട്ട്മുണ്ട് തോറ്റതോടെ ലീഗ് ടേബിളിൽ ബയേണിന്റെ മുൻതൂക്കം നിലവിൽ നാലു പോയിന്റുകൾ ആയി.