ബുണ്ടസ് ലീഗയിൽ അവസാന സ്ഥാനക്കാരോട് തിരിച്ചു വന്നു വലിയ ജയം നേടി ബയേൺ

ബുണ്ടസ് ലീഗയിൽ അവസാന സ്ഥാനക്കാരായ ഗ്രേയ്‌തർ ഫുർത്തെയെ ഒന്നിനെതിരെ നാലു ഗോളുകൾക്ക് തോൽപ്പിച്ചു ബയേൺ മ്യൂണിക് വിജയവഴിയിൽ തിരിച്ചെത്തി. ബയേണിന്റെ സമഗ്ര ആധിപത്യം കണ്ട മത്സരത്തിൽ പക്ഷെ ആദ്യ പകുതിയിൽ ബയേൺ ഒരു ഗോളിന് പിറകിൽ ആയിരുന്നു. ആദ്യ പകുതിക്ക് തൊട്ടു മുമ്പ് ഫ്രീകിക്കിലൂടെ ബ്രൻമിർ ഹാഗോറ്റ ബയേണിനെ ഞെട്ടിക്കുക ആയിരുന്നു. എന്നാൽ രണ്ടാം പകുതി തുടങ്ങി സെക്കന്റുകൾക്ക് അകം ബയേൺ മത്സരത്തിൽ തിരിച്ചു വന്നു. സെർജ് ഗനാബ്രി നൽകിയ പന്ത് ചുപോ മോട്ടങിന്റെ ദേഹത്ത് തട്ടി കാലിൽ കിട്ടിയപ്പോൾ ബോക്സിന് ഉള്ളിലെ കൂട്ട പൊരിച്ചിലിന് ഇടയിൽ റോബർട്ട് ലെവൻഡോവ്സ്കി ബയേണിന് സമനില സമ്മാനിച്ചു.

20220220 221403

61 മത്തെ മിനിറ്റിൽ സെബാസ്റ്റ്യന്റെ സെൽഫ് ഗോൾ പിറന്നതോടെ ബയേൺ മത്സരത്തിൽ ആദ്യമായി മുന്നിലെത്തി. 82 മത്തെ മിനിറ്റിൽ നിക്കോളാസ് സുളെയുടെ ഹെഡറിൽ നിന്നു ഹെഡറിലൂടെ തന്റെ രണ്ടാം ഗോൾ നേടിയ ലെവൻഡോവ്സ്കി ബയേണിന്റെ ജയം ഉറപ്പിച്ചു. സീസണിൽ ബുണ്ടസ് ലീഗയിൽ പോളണ്ട് താരം നേടുന്ന 28 മത്തെ ഗോൾ ആയിരുന്നു ഇത്. ഇഞ്ച്വറി സമയത്ത് 91 മത്തെ മിനിറ്റിൽ സെർജ് ഗനാബ്രിയുടെ പാസിൽ നിന്നു ഗോൾ കണ്ടത്തിയ ചുപോ മോട്ടങ് ആണ് ബയേണിന്റെ ജയം പൂർത്തിയാക്കിയത്. ജയത്തോടെ ലീഗിൽ രണ്ടാമതുള്ള ഡോർട്ട്മുണ്ടും ആയുള്ള വലിയ പോയിന്റ് വ്യത്യാസം ബയേൺ നിലനിർത്തി. അതേസമയം അവസാന സ്ഥാനത്ത് തന്നെയാണ് ഗ്രേയ്‌തർ ഫുർത്തെ.