തുടർച്ചയായ എഴാം തവണയും ജർമ്മൻ ചാമ്പ്യന്മാരായി ബയേൺ മ്യൂണിക്ക്

ബുണ്ടസ് ലീഗ ചാമ്പ്യന്മാരായി ബയേൺ മ്യൂണിക്ക്. ലീഗയിലെ അവസാന ദിവസം വരെ നീണ്ട കിരീടപ്പോരാട്ടം ആവേശകരമായ അന്ത്യം കുറിച്ചു. എയിൻട്രാക്റ്റ് ഫ്രാങ്ക്ഫർട്ടിനെ ഒന്നിനെതിരെ അഞ്ച് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ബയേൺ ജർമ്മൻ കിരീടം ഉയർത്തിയത്. കിരീടപ്പോരാട്ടം എന്നതിലുപരി ബയേണിന്റെ ലെജന്ററി താരങ്ങളായ ഫ്രാങ്ക് റിബറിയുടേയും അർജൻ റോബന്റെയും റഫീഞ്ഞ്യയുടേയും അവസാന മത്സരം കൂടിയായിരുന്നു ഇന്നത്തേത്.

ബയേണിനു വേണ്ടിയുള്ള അവസാന മത്സരത്തിലും “റോബറി” അവതരിച്ചു. ബെഞ്ചിൽ നിന്നുമിറങ്ങി ഏറെ വൈകാതെ റോബനും റിബറിയും ബയേണിനു വേണ്ടിയുള്ള അവസാന മത്സരത്തിൽ ഗോളടിച്ചു. കിംഗ്സ്ലി കോമൻ, അലാബ,റെനാറ്റോ സാഞ്ചസ് എന്നിവരും ഇന്ന് ബയേണിനായി ഗോളടിച്ചു.

ഫ്രാങ്ക്ഫർട്ടിന്റെ ആശ്വാസ ഗോൾ നേടിയത് സെബാസ്റ്റ്യൻ ഹാളറാണ്. ഈ സീസണിൽ ബുണ്ടസ് ലീഗയിൽ കിരീടത്തിനായി ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും അവസാനം ഡോർട്ട്മുണ്ടിനെ പിന്നിലാക്കി ബയേൺ കിരീടമുയർത്തുകയായിരുന്നു.