ഇംഗ്ലീഷ് ക്ലബായ മാഞ്ചസ്റ്റർ യുണൈറ്റഡിന് യൂറോപ്പ ലീഗ് റൗണ്ട് ഓഫ് 16 ആദ്യ പാദത്തിൽ വൻ വിജയം. ഇന്ന് എവേ മത്സരത്തിൽ ടൂറിനിൽ വെച്ച് റയൽ സോസിഡാഡിനെ നേരിട്ട മാഞ്ചസ്റ്റർ യുണൈറ്റഡ് എതിരില്ലാത്ത നാലു ഗോളുകൾക്കാണ് പരാജയപ്പെടുത്തിയത്. എന്നത്തെയും പോലെ ബ്രൂണൊ ഫെർണാണ്ടസ് തന്നെയാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ രക്ഷകനായത്. ഇരട്ട ഗോളുകൾ നേടാൻ പോർച്ചുഗീസ് താരത്തിന് ഇന്നായി.
ആദ്യ പകുതിയിൽ രണ്ട് മികച്ച അവസരങ്ങൾ റാഷ്ഫോർഡ് നഷ്ടപ്പെടുത്തുന്നത് കണ്ട മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർ ആദ്യം ഭയന്നു എങ്കിലും ബ്രൂണൊ ഫെർണാണ്ടസ് യുണൈറ്റഡ് രക്ഷയ്ക്ക് എത്തി. 27ആം മിനുട്ടിക് റാഷ്ഫോർഡിന്റെ പാസ് ക്ലിയർ ചെയ്യുന്നതിൽ സോസിഡാഡ് ഡിഫൻസിന് വന്ന പിഴവ് മുതലെടുത്ത് ആയിരുന്നു ബ്രൂണൊ ഫെർണാണ്ടസിന്റെ ആദ്യ ഗോൾ.
രണ്ടാം പകുതിയിൽ റാഷ്ഫോർഡ് തുടങ്ങി വെച്ച അറ്റാക്കിൽ ജെയിംസിന്റെ പാസിൽ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ബ്രൂണൊ ഫെർണാണ്ടസ് യുണൈറ്റഡ് ലീഡ് ഇരട്ടിയാക്കി. ബ്രൂണൊ ഫെർണാണ്ടസസിന്റെ ഈ സീസണിലെ 21ആം ഗോളായിരുന്നു ഇത്. 65ആം മിനുട്ടിൽ ഫ്രെഡിന്റെ മനോഹര പാസ് ലക്ഷ്യത്തിൽ എത്തിച്ച് റാഷ്ഫോർഡ് യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി.
90ആം മിനുട്ടിൽ ഡാനിയൽ ജെയിംസ് വലതു വിങ്ങിലൂടെ കുതിച്ചു കൊണ്ട് ഒരു മനോഹര സോളോ ഗോളും കൂടെ നേടിയതോടെ സോസിഡാഡ് പതനം പൂർത്തിയായി. മാഞ്ചസ്റ്റർ യുണൈറ്റഡ് അവരുടെ പുതിയ സൈനിംഗായ 18കാരൻ അമദ് ദിയാലോയെ ഇന്ന് കളത്തിൽ ഇറക്കി. അമദിന്റെ യുണൈറ്റഡ് അരങ്ങേറ്റമായിരുന്നു ഇത്. ഈ വിജയം യുണൈറ്റഡിന് രണ്ടാം പാദം എളുപ്പമാക്കും.