ആഴ്‌സണലിന് പിറകെ ടോട്ടൻഹാമിനെയും വീഴ്ത്തി പോട്ടറിന്റെ ബ്രൈറ്റൻ, ടോപ് ഫോർ പോരിൽ വീണ്ടും ട്വിസ്റ്റ്

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ടോപ് ഫോർ പോരാട്ടത്തിൽ വീണ്ടും വമ്പൻ ട്വിസ്റ്റ്. കഴിഞ്ഞ മത്സരത്തിൽ ആഴ്‌സണലിനെ അട്ടിമറിച്ച ബ്രൈറ്റൻ ഇത്തവണ ഞെട്ടിച്ചത് ടോട്ടൻഹാമിനെ. ഇഞ്ച്വറി സമയത്ത് ലിയാൻഡ്രോ ട്രൊസാർഡ് തുടർച്ചയായ രണ്ടാം മത്സരത്തിലും ഗോൾ കണ്ടതിയപ്പോൾ ഗ്രഹാം പോട്ടറിന്റെ ടീം തുടർച്ചയായ രണ്ടാം ജയം സ്വന്തം പേരിൽ കുറിച്ചു. ടോട്ടൻഹാമിന്റെ മൈതാനത്തിൽ പന്ത് കൈവശം വച്ചതും കൂടുതൽ അവസരങ്ങൾ തുറന്നതും ബ്രൈറ്റൻ ആയിരുന്നു.

ബ്രൈറ്റൻ 5 തവണ ലക്ഷ്യത്തിലേക്ക് ഷോട്ട് ഉതിർത്തപ്പോൾ ഒരു ഷോട്ട് പോലും ടോട്ടൻഹാം ലക്ഷ്യത്തിലേക്ക് ഉതിർത്തില്ല. 90 മത്തെ മിനിറ്റിൽ ബോക്‌സിൽ ലഭിച്ച പന്ത് മികച്ച രീതിയിൽ തന്റെ വരുതിയിലാക്കി ടോട്ടൻഹാം പ്രതിരോധത്തെ മറികടന്നു ബെൽജിയം താരം ലക്ഷ്യം കാണുക ആയിരുന്നു. പരാജയം ടോട്ടൻഹാമിന്റെ ചാമ്പ്യൻസ് ലീഗ് യോഗ്യത എന്ന സ്വപ്നത്തിനു തിരിച്ചടിയായി. അതേസമയം ജയത്തോടെ ബ്രൈറ്റൻ ലീഗിൽ പത്താം സ്ഥാനത്തേക്ക് കയറി.