പ്രീമിയർ ലീഗിലേക്ക് പ്രൊമേഷൻ നേടി എത്തിയ ബ്രെന്റ്ഫോർഡ് ഇന്ന് ഒരു ചരിത്ര വിജയം തന്നെ നേടി. പ്രീമിയർ ലീഗിലെ അവരുടെ ആദ്യ വിജയം നേടിയത് പ്രീമിയർ ലീഗിലെ വലിയ ടീമുകളിൽ ഒന്നായ ആഴ്സണലിനെ പരാജയപ്പെടുത്തി കൊണ്ടാണ്. ഇന്ന് എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു ബ്രെന്റ്ഫോർഡിന്റെ വിജയം.
ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ബ്രെന്റ്ഫോർഡ് ആഴ്സണലിനെ വിറപ്പിക്കുന്നതാണ് ആദ്യ പകുതിയിൽ കണ്ടത്. സ്വന്തം ആരാധകർക്ക് മുന്നിൽ 74 വർഷത്തിനു ശേഷം ഒന്നാം ഡിവിഷനിൽ ഫുട്ബോൾ കളിക്കാൻ ഇറങ്ങിയ ബ്രെന്റ്ഫോർഡ് തന്നെ കളിയിൽ ലീഡും എടുത്തു. 22ആം മിനുട്ടിൽ സെർജി കാനോസ് ആണ് ബ്രെന്റ്ഫോർഡിന് ലീഡ് നൽകിയത്. വിങ്ബാക്കിന്റെ ഷോട്ട് നിയർ പോസ്റ്റിൽ ലെനോയെ കീഴ്പ്പെടുത്തി വലയിലേക്ക് പതിച്ചു. അങ്ങനെ പ്രീമിയർ ലീഗ് ചരിത്രത്തിലെ ബ്രെന്റ്ഫോർഡിന്റെ ആദ്യ ഗോൾ പിറന്നു.
ആ ഗോളിന് മുമ്പും പിന്നാലെയും ബ്രെന്റ്ഫോർഡ് തന്നെയാണ് കൂടുതൽ അവസരങ്ങൾ സൃഷ്ടിച്ചത്. എമ്പുവുമോയുടെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുകയും ചെയ്തിരുന്നു. ഒബാമയങും ലകാസെറ്റും ഇല്ലാത്തത് ആഴ്സണലിന് വലിയ ക്ഷീണമായി. രണ്ടാം പകുതിയിൽ ആഴ്സണൽ കളി മെച്ചപ്പെടുത്തി. എമിലെ സ്മിത് റോയിലൂടെ മികച്ച അവസരം അവർ സൃഷ്ടിച്ചു എങ്കിലും റയ ആഴ്സണലിന് തടസ്സമായി നിന്നു. അറ്റാക്ക് ശക്തിപ്പെടുത്താനായി ആഴ്സണൽ സാകയെ സബ്ബായി എത്തിച്ചു. അവസരങ്ങൾ സൃഷ്ടിച്ചു എങ്കിലും ആഴ്സണലിന് ബ്രെന്റ്ഫോർഡ് ഡിഫൻസ് ഭേദിക്കാൻ ആയില്ല.
72ആം മിനുട്ടിൽ ബ്രെന്റ്ഫോർഡ് അവരുടെ രണ്ടാം ഗോൾ നേടി. ഒരു ലോങ്ത്രോയിൽ നിന്ന് നോർഗാർഡ് ആണ് ഒരു ഹെഡറിലൂടെ രണ്ടാം ഗോൾ നേടിയത്. ആഴ്സണൽ ഡിഫൻസിനെ ആകെ കാഴ്ചക്കാരായി നിർത്തി ആയിരുന്നു ഈ ഗോൾ. ബ്രെന്റ്ഫോർഡിന്റെ ചരിത്ര വിജയം ഈ ഗോൾ ഉറപ്പിക്കുകയും ചെയ്തു. ആഴ്സണലിന് ഇനി അടുത്ത രണ്ട് മത്സരത്തിൽ ചെൽസിയെയും മാഞ്ചസ്റ്റർ സിറ്റിയെയും ആണ് നേരിടേണ്ടത്.