കോപ അമേരിക്ക ആദ്യ സെമിഫൈനലിൽ പെറുവിനെ ഏകപക്ഷീയമായ ഒരു ഗോളിന് മറികടന്നു ബ്രസീൽ ഫൈനലിൽ കടന്നു. തുടർച്ചയായ രണ്ടാം മത്സരത്തിൽ ക്വാർട്ടർ ഫൈനലിലും സെമി ഫൈനലിലും ഗോൾ അടിച്ച ലൂക്കാസ് പക്വറ്റയും ഗോൾ ഒരുക്കി നെയ്മർ ജൂനിയറും ഒന്നിച്ചപ്പോൾ തുടർച്ചയായ രണ്ടാം കോപ അമേരിക്ക ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. കഴിഞ്ഞ കോപ അമേരിക്ക ഫൈനലിൽ ഏറ്റുമുട്ടിയ പെറുവിനു എതിരെ ചുവപ്പ് കാർഡ് കണ്ട ഗബ്രിയൽ ജെസ്യുസിനും ഫോമിൽ അല്ലാത്ത റോബർട്ടോ ഫിർമിനോക്ക് പകരം ലൂക്കാസ് പക്വറ്റയെയും എവർട്ടണയെയും ബ്രസീൽ ഇറക്കി. മത്സരത്തിൽ മുൻതൂക്കം നേടിയ ബ്രസീൽ ആദ്യ പകുതിയുടെ 36 മിനിറ്റിൽ ആണ് തങ്ങളുടെ വിജയഗോൾ കണ്ടത്തുന്നത്. മികച്ച ഒരു നീക്കത്തിലൂടെ രണ്ടു പെറു പ്രതിരോധക്കാരെ വെട്ടിച്ച് നെയ്മർ നൽകിയ പന്ത് മികച്ച ഒരു ഷോട്ടിലൂടെ പക്വറ്റ ലക്ഷ്യം കണ്ടു.
മത്സരത്തിൽ പന്ത് കൈവശം വക്കുന്നതിലും അവസരങ്ങൾ ഉണ്ടാക്കുന്നതിലും ബ്രസീൽ ബഹുദൂരം മുന്നിട്ട് നിന്നു. 8 ഷോട്ടുകൾ പെറു ഗോളിലേക്ക് അടിച്ച ബ്രസീൽ 56 ശതമാനം സമയം പന്ത് കൈവശവും വച്ചു. എന്നാൽ രണ്ടാം പകുതിയിൽ തങ്ങളുടെ കഴിവിന്റെ പരമാവധി പുറത്ത് എടുക്കുന്ന പെറുവിനെയാണ് കാണാൻ ആയത്. ഇടക്ക് ഗോളിൽ എഡേർസനെ പരീക്ഷിക്കാനും അവർക്ക് ആയി. എന്നാൽ ടൂർണമെന്റിൽ ഇത് വരെ വെറും രണ്ടു ഗോളുകൾ മാത്രം വഴങ്ങിയ ബ്രസീൽ പ്രതിരോധം കീഴടങ്ങാൻ ഒരുക്കമായിരുന്നില്ല. ഇതോടെ കഴിഞ്ഞ കോപ അമേരിക്ക ഫൈനലിൽ എന്ന പോലെ ബ്രസീലിനു പെറുവിനു മേൽ ജയം.വീണ്ടും ഒരിക്കൽ കൂടി ടീമിനെ ജയത്തിൽ എത്തിച്ച നിർണായക പ്രകടനം നടത്തിയ നെയ്മർ ആയിരുന്നു കളിയിലെ താരം.ഇതോടെ അർജന്റീന, ബ്രസീൽ സ്വപ്നഫൈനൽ ആണ് ലോകം കാത്തിരിക്കുന്നത്. ഫൈനലിൽ നാളത്തെ സെമിയിൽ അർജന്റീനക്ക് കൊളംബിയ ആണ് എതിരാളികൾ. ഇത് അർജന്റീന ജയിച്ചാൽ വീണ്ടുമൊരു സ്വപ്നഫൈനലിനു ലോകം സാക്ഷിയാവും.