ചിലിയെ തകർത്ത് ബ്രസീൽ പടയോട്ടം

ലോകകപ്പ് യോഗ്യത മത്സരത്തിൽ ചിലിയെ പരാജയപ്പെടുത്തി ബ്രസീൽ. ഏകപക്ഷീയമായ നാല് ഗോളുകൾക്കാണ് ബ്രസീൽ ജയം സ്വന്തമാക്കിയത്. അതെ സമയം ബ്രസീലിനോട് കനത്ത തോൽവിയേറ്റുവാങ്ങിയതോടെ ചിലിയുടെ ലോകകപ്പ് യോഗ്യത തുലാസിലായി. ലോകകപ്പ് യോഗ്യത നേരത്തെ തന്നെ ഉറപ്പിച്ച ഉറുഗ്വയാണ് അവസാന മത്സരത്തിൽ ചിലിയുടെ എതിരാളികൾ.

മത്സരത്തിന്റെ ആദ്യ പകുതി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ പെനാൽറ്റിയിലൂടെ നെയ്മറാണ് ബ്രസിലിന് വേണ്ടി ആദ്യ ഗോൾ നേടിയത്. തുടർന്ന് ആദ്യ പകുതിയുടെ ഇഞ്ചുറി ടൈമിൽ വിനീഷ്യസ് ജൂനിയറിന്റെ ഗോളിൽ ബ്രസീൽ ലീഡ് ഇരട്ടിയാക്കി. രണ്ടാം പകുതിയിലും തങ്ങളുടെ ആധിപത്യം തുടർന്ന് ബ്രസീൽ കൗട്ടീഞ്ഞോയിലൂടെ മത്സരത്തിലെ രണ്ടാമത്തെ പെനാൽറ്റിയും ഗോളാക്കി ലീഡ് മൂന്നാക്കി ഉയർത്തി . തുടർന്ന് ഇഞ്ചുറി ടൈമിൽ റിചാർളിസന്റെ ഗോളോടെ ബ്രസീൽ ഗോൾ പട്ടിക പൂർത്തിയാകുകയായിരുന്നു.

സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യത പോരാട്ടത്തിൽ 16 മത്സരങ്ങളിൽ നിന്ന് 42 പോയിന്റുമായി ബ്രസീൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.