ചാമ്പ്യന്‍മാരായ കേരള ബ്ലാസ്റ്റേഴ്സിനെ വീഴ്ത്തി കെഎസ്ഇബി സെമിഫൈനലില്‍

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

കൊച്ചി: കേരള പ്രീമിയര്‍ ലീഗില്‍ നിലവിലെ ചാമ്പ്യന്‍മാരായ കേരള ബ്ലാസ്റ്റേഴ്‌സിനെ തകര്‍ത്ത് കെഎസ്ഇബി സെമിഫൈനലില്‍ കടന്നു. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടില്‍ നടന്ന ബി ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഒന്നിനെതിരെ നാലു ഗോളുകള്‍ക്കാണ് 2014ലെ കിരീടജേതാക്കളായ കെഎസ്ഇബിയുടെ വിജയം. നിജോ ഗില്‍ബെര്‍ട്ട് (33), എല്‍ദോസ് ജോര്‍ജ് (40), എം.വിഗ്‌നേഷ് (80) പി.അജീഷ് (87) എന്നിവരാണ് കെഎസ്ഇബിയുടെ വിജയത്തിന് ഗോളിലൂടെ ഊര്‍ജം പകര്‍ന്നത്. ഇഞ്ചുറി ടൈമില്‍ (90+4) നഓറം മഹേഷ് സിങിലൂടെ കേരള ബ്ലാസ്‌റ്റേഴ്‌സ് ഏക ഗോള്‍ മടക്കി. നിജോ ഗില്‍ബെര്‍ട്ടാണ് കളിയിലെ താരം. കഴിഞ്ഞ സീസണില്‍ ലീഗില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന കെഎസ്ഇബിക്ക് സെമിഫൈനല്‍ പ്രവേശം തിരിച്ചുവരവിനുള്ള ഇരട്ടിമധുരമായി. ലീഗിലെ ആദ്യ മത്സരത്തില്‍ തോറ്റതിന് ശേഷമാണ് തുടര്‍ച്ചയായ നാലു ജയങ്ങളും സെമിബെര്‍ത്തും കെഎസ്ഇബി സ്വന്തമാക്കിയത്.

12 പോയിന്റുമായി ബി ഗ്രൂപ്പ് ജേതാക്കളായ കെഎസ്ഇബി ഏപ്രില്‍ 19ന് വൈകിട്ട് നാലിന് നടക്കുന്ന ആദ്യസെമിയില്‍ ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരെ നേരിടും. എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ടാണ് വേദി. ഗ്രൂപ്പില്‍ കേരള യുണൈറ്റഡിനും 12 പോയിന്റുണ്ടെങ്കിലും നേര്‍ക്കുനേര്‍ മത്സരത്തില്‍ യുണൈറ്റഡിനെ തോല്‍പ്പിക്കാനായത് കെഎസ്ഇബിക്ക് തുണയായി. 19ന് വൈകിട്ട് ഏഴിന് തൃശൂരില്‍ നടക്കുന്ന രണ്ടാം സെമിയില്‍ ഗോകുലം കേരള എഫ്‌സിയാണ് ബി ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായ കേരള യുണൈറ്റഡിന്റെ എതിരാളികള്‍. പത്ത് പോയിന്റുള്ള എംഎ ഫുട്‌ബോള്‍ അക്കാദമിയാണ് ബി ഗ്രൂപ്പില്‍ മൂന്നാം സ്ഥാനക്കാര്‍. ബ്ലാസ്റ്റേഴ്‌സ് നാലാം സ്ഥാനത്തെത്തി. ഗോള്‍ഡന്‍ ത്രെഡ്‌സും കോവളം എഫ്‌സിയും സെമികാണാതെ നേരത്തെ പുറത്തായിരുന്നു.

നിര്‍ണായകമായിരുന്നു ലീഗിലെ അവസാന മത്സരം. സെമിഫൈനല്‍ പ്രവേശനത്തിന് ജയം അനിവാര്യമായ ഇരുടീമുകളും തുടക്കം മുതല്‍ ഗോള്‍ നേടുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചത്. കെഎസ്ഇബിയാണ് കൂടുതല്‍ വീര്യം കാണിച്ചത്. ബ്ലാസ്‌റ്റേഴ്‌സ് പ്രതിരോധം ചെറുത്തുനിന്നു. ഗോളി മാത്രം മുന്നില്‍ നില്‍ക്കെ എല്‍ദോസ് ജോര്‍ജ് അടിച്ച പന്ത് സച്ചിന്‍ സുരേഷിന്റെ കൈകളില്‍ വിശ്രമിച്ചു. ബോക്‌സിന് പുറത്ത് നിന്നുള്ള മുഹമ്മദ് പാറേക്കോട്ടിലിന്റെ ഒരു ഷോട്ടും സച്ചിന്‍ കയ്യിലൊതുക്കി. കാര്യമായ പ്രത്യാക്രമണങ്ങള്‍ ബ്ലാസ്റ്റേഴ്്‌സിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. നിരന്തരമായ ശ്രമങ്ങള്‍ക്ക് 33ാം മിനുറ്റില്‍ കെഎസ്ഇബി ലക്ഷ്യം കണ്ടു. ഇടത് വിങിലെ മുന്നേറ്റത്തിനൊടുവില്‍ ബോക്‌സിന്റെ വലത് ഭാഗം ലക്ഷ്യമാക്കി പന്തെത്തി. ബോക്‌സിന്റെ കോര്‍ണറില്‍ നിന്ന് എല്‍ദോസ് ജോര്‍ജ്ജ് ഉയര്‍ത്തി നല്‍കിയ പന്ത് ഗോളി സച്ചിന്‍ സുരേഷിന്റെ തലയ്ക്ക് മുകളിലൂടെ ഇടത് ഭാഗത്തായി ആഴ്ന്നിറങ്ങി, പന്ത് നിലയുറപ്പിക്കും മുമ്പേ ഓടിയെത്തിയ നിജോ ഗില്‍ബെര്‍ട്ട് അത് വലയിലാക്കി. (0-1).

ബ്ലാസ്റ്റേഴ്‌സ് തിരിച്ചടിക്ക് ശ്രമം നടത്തുന്നതിനിടെ കെഎസ്ഇബി അടുത്ത ആഘാതമേല്‍പ്പിച്ചു. ഒഴിഞ്ഞവലക്ക് മുന്നില്‍ മുഹമ്മദ് പാറേക്കോട്ടിലിന്റെ ശ്രമം പാഴായതിന് പിന്നാലെയായിരുന്നു കെഎസ്ഇബിയുടെ രണ്ടാം ഗോള്‍. നിജോയും എല്‍ദോസും തന്നെയാണ് രണ്ടാം ഗോളിനും വഴിയൊരുക്കിയത്. 40ാം മിനുറ്റില്‍ ഇടത് വിങില്‍ നിന്നുള്ള നിജോ ഗില്‍ബെര്‍ട്ടിന്റെ ക്രോസ് ബ്ലാസ്‌റ്റേഴ്‌സ് ബോക്‌സിന്റെ മധ്യത്തിലായി വീണു, പ്രതിരോധ താരങ്ങളെയും ഗോളിയെയും വെട്ടിച്ച് എല്‍ദോസ് ജോര്‍ജ്ജ്് പന്ത് വലയിലേക്ക് അടിച്ചുകയറ്റി. (0-2). ആദ്യ പകുതിയുടെ അവസാന മിനുറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്റെ ഒരു തിരിച്ചടി ശ്രമം ഗോളി ഷൈന്‍ഖാന്‍ ചിലപ്പുറം ഇടത് ഭാഗത്തേക്ക് ഡൈവ് ചെയ്ത് കോര്‍ണറിന് വഴങ്ങി പുറത്താക്കി.

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് കൂടുതല്‍ വീര്യത്തോടെ കളിച്ചു, പക്ഷേ ഫലമുണ്ടായില്ല. നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേഴ്‌സ് മുന്‍നിര പാഴാക്കി. ഷൈന്‍ഖാന്റെ മികച്ച സേവുകളും അവര്‍ക്ക് തിരിച്ചടിയായി. പ്രതിരോധിച്ച് കളിക്കുന്നതിനിടെ ബ്ലാസ്‌റ്റേഴ്‌സിന്റെ പിഴവുകള്‍ മുതലെടുത്ത് രണ്ടു ഗോളുകള്‍ കൂടി നേടി കെഎസ്ഇബി ലീഡുയര്‍ത്തി. 80ാം മിനുറ്റില്‍ നിജോ ഗില്‍ബെര്‍ട്ട് ഇടത് വിങിലേക്ക് നല്‍കിയ പന്തുമായി ബോക്‌സില്‍ കയറിയ പകരനിര താരം എം.വിഗ്‌നേഷ്, വല വിട്ടിറങ്ങിയ ഗോളിയെയും ഒരു പ്രതിരോധ താരത്തെയും മറികടന്ന് ലക്ഷ്യം നേടി, (0-3). 87ാം മിനുറ്റില്‍ ഗോളിയുടെ പിഴവില്‍ നിന്നാണ് പി.അജീഷ് കെഎസ്ഇബിയുടെ നാലാം ഗോള്‍ നേടിയത്, (0-4). മത്സരം ഏകപക്ഷീയമായി സ്വന്തമാക്കാമെന്ന കെഎസ്ഇബിയുടെ പ്രതീക്ഷകള്‍ തകര്‍ത്താണ് ബ്ലാസ്റ്റേഴ്‌സിന്റെ ആശ്വാസ ഗോള്‍ എത്തിയത്. ബോക്‌സിന് തൊട്ട്പുറത്ത് നിന്ന് നഓറം ഗോബിന്ദാഷ് സിങ് നല്‍കിയ പന്ത്, നഓറം മഹേഷ് സിങ് വലയിലെത്തിക്കുകയായിരുന്നു (1-4).