പത്ത് പേരായി ചുരുങ്ങിയ വെസ്റ്റ്ഹാമിനെതിരെ ജയിച്ച് കയറി ന്യൂ കാസിൽ യുണൈറ്റഡ്

പ്രീമിയർ ലീഗിൽ ടോപ് ഫോറിൽ കുതിപ്പ് തുടരുന്ന വെസ്റ്റ് ഹാം യുണൈറ്റഡിന് ഞെട്ടിക്കുന്ന തോൽവി. ന്യൂ കാസിൽ യുണൈറ്റഡ് ആണ് വെസ്റ്റ്ഹാമിനെ രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക് തോൽപ്പിച്ചത്. മത്സരത്തിന്റെ ഭൂരിഭാഗ സമയവും 10 പേരുമായി കളിച്ച വെസ്റ്റ് ഹാം മത്സരത്തിൽ മികച്ച തിരിച്ചുവരവ് നടത്തിയെങ്കിലും അവാന മിനിറ്റുകളിൽ വഴങ്ങിയ ഗോളിൽ തോൽവി സമ്മതിക്കുകയായിരുന്നു.

മത്സരത്തിന്റെ 36ആം മിനുട്ടിലാണ് മത്സരത്തിൽ നിർണ്ണായകമായ ചുവപ്പ് കാർഡ് പിറന്നത്. മത്സരത്തിൽ രണ്ടാം മഞ്ഞ കാർഡ് കണ്ട് ഡോസൺ പുറത്തുപോവുകയും തുടർന്ന് ന്യൂ കാസിൽ ഡിയോപ്പിന്റെ സെൽഫ് ഗോളിൽ ലീഡ് നേടുകയുമായിരുന്നു. തുടർന്ന് ആദ്യ പകുതി അവസാനിക്കുന്നതിന് മുൻപ് തന്നെ ന്യൂ കാസിൽ തങ്ങളുടെ ലീഡ് ഇരട്ടിയാക്കി. വെസ്റ്റ്ഹാം ഗോൾ കീപ്പർ ഫാബിയാൻസ്കിയുടെ പിഴവ് മുതലെടുത്ത് ജോയലിന്റൺ ആണ് ഗോൾ നേടിയത്.

എന്നാൽ രണ്ടാം പകുതിയിൽ 10 പേരായി ചുരുങ്ങിയിട്ടും മികച്ച തിരിച്ചു വരവ് നടത്തിയ വെസ്റ്റ്ഹാം 2 ഗോൾ തിരിച്ചടിച്ചു. ഡിയോപ്പിലൂടെ ആദ്യ ഗോൾ നേടിയ വെസ്റ്റ്ഹാം ലിംഗാർഡിന്റെ പെനാൽറ്റി ഗോളിലൂടെ സമനിലയും പിടിക്കുകയായിരുന്നു. എന്നാൽ വെസ്റ്റ്ഹാമിന്റെ സമനിലേക്ക് അധികം ആയുസ്സ് ഉണ്ടായിരുന്നില്ല. ന്യൂ കാസിലിനു വേണ്ടി പകരക്കാരനായി ഇറങ്ങിയ വില്ലോക്ക് ഒരു ഹെഡറിലൂടെ അവർക്ക് വിജയ ഗോൾ നേടികൊടുക്കുകയായിരുന്നു. ജയത്തോടെ റെലെഗേഷൻ ഭീഷണിയിൽ നിന്ന് കരകയറാനും ന്യൂ കാസിൽ യൂണൈറ്റഡിനായി. അതെ സമയം ഇന്നത്തെ തോൽവി വെസ്റ്റ്ഹാമിന്റെ ടോപ് ഫോർ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയാണ്.