മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ അറ്റാക്കിംഗ് മാസ്റ്റർക്ലാസ്! ലീഡ്സിനെ സിക്സടിച്ച് പറത്തി ഒലെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തീയേറ്റർ ഓഫ് ഡ്രീംസ് എന്ന് അറിയപ്പെടുന്ന ഓൾഡ് ട്രാഫോർഡ് ഇന്നാണ് സ്വപ്നങ്ങളുടെ തീയേറ്റർ ആയത്. മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരും ടീമും എന്നും കടുത്ത വൈരികളായി കണക്കാക്കുന്ന ലീഡ്സ് യുണൈറ്റഡിനെ ഇന്ന് നാണംകെടുത്തിയാണ് യുണൈറ്റഡ് മാഞ്ചസ്റ്ററിൽ നിന്ന് പറഞ്ഞു വിട്ടത്. രണ്ടിനെതിരെ ആറു ഗോളുകളുടെ വൻ വിജയം. എല്ലാവരും ഭയക്കുന്ന ബിയെൽസയുടെ തന്ത്രങ്ങളെ തച്ചുടച്ച് സോൾഷ്യാർ വിജയിച്ച രാത്രിയായിരുന്നു ഇന്നത്തേത്.

ഗംഭീര തുടക്കമാണ് മാഞ്ചസ്റ്റർ യുണൈറ്റഡിന് ഇന്ന് ലഭിച്ചത്. മത്സരം തുടങ്ങി 68 സെക്കൻഡുകൾക്ക് അകം മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് മുന്നിൽ എത്തി. കളി തുടങ്ങി ആദ്യ അറ്റാക്കിൽ തന്നെ യുണൈറ്റഡ് ഗോൾ നേടുക ആയിരുന്നു. ബ്രൂണൊ ഫെർണാണ്ടസിന്റെ പാസ് സ്വീകരിച്ച് പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ഒരു പെർഫക്ട് ഷോട്ടിലൂടെ മക്ടോമിനെ ആണ് പന്ത് വലയിൽ എത്തിച്ചത്. ഒരു മിനുട്ടിനു ശേഷം വീണ്ടും മക്ടോമിനെ ലീഡ്സ് വലയിൽ പന്തെത്തിച്ചു.

മാർഷ്യലിന്റെ പാസിൽ നിന്നായിരുന്നു ഇത്തവണ മക്ടോമിനെയുടെ ഗോൾ. അവിടെയും മാഞ്ചസ്റ്റർ യുണൈറ്റഡ് നിർത്തിയില്ല. തുടരെ ആക്രമണങ്ങൾ രണ്ടു ഭാഗത്തും നടന്നു. 20ആം മിനുട്ടിൽ ബ്രൂണൊ ഫെർണാണ്ടസിന്റെ വക ആയിരുന്നു യുണൈറ്റഡിന്റെ അടുത്ത ഗോൾ. പെനാൾട്ടി ബോക്സിൽ തന്റെ മുന്നിൽ കിട്ടിയ പന്ത് ബ്രൂണോ അടിച്ച് ഗോൾ പോസ്റ്റിൽ കയറ്റിയത് ലീഡ്സ് ഗോൾ കീപ്പർ കണ്ടതു പോലുമില്ല.

37ആം മിനുട്ടിൽ ലിൻഡെലോഫ് യുണൈറ്റഡിനെ എതിരില്ലാത്ത നാലു ഗോളിന് മുന്നിൽ എത്തിച്ചു. കോർണറിൽ നിന്ന് മാർഷ്യൽ ഫ്ലിക്ക് ചെയ്ത് കൊടുത്ത ഹെഡർ സുഖമായി ലിൻഡെലോഫ് വലയിൽ എത്തിക്കുകയായിരുന്നു. ഇതിനു ശേഷമാണ് ലീഡ്സിന്റെ അറ്റാക്കുകൾ വന്നു തുടങ്ങിയത്. 42ആം മിനുട്ടിൽ കൂപ്പറിന്റെ ഹെഡറിലൂടെ ലീഡ്സ് ഗോൾ നേടിയത് മത്സരത്തിന്റെ രണ്ടാം പകുതി ആവേശകരമാക്കി.

രണ്ടാം പകുതിയിൽ ലീഡ്സ് തുടരെ ആക്രമണങ്ങൾ നടത്തി എങ്കിലും ഡി ഹിയയുടെ മികച്ച സേവുകൾ യുണൈറ്റഡിനെ സുരക്ഷിതരാക്കി. 66ആം മിനുട്ടിൽ അഞ്ചാം ഗോൾ നേടിക്കൊണ്ട് യുണൈറ്റഡ് വിജയം ഉറപ്പിച്ചു. ഡാനിയൽ ജെയിംസിന്റെ വക ആയിരുന്നു യുണൈറ്റഡിന്റെ അഞ്ചാം ഗോൾ. മക്ടോമിനെയുടെ പാസിൽ നിന്നാണ് ജെയിംസ് ഗോൾ കണ്ടെത്തിയത്.

യുണൈറ്റഡ് പിന്നെയും ഗോളടി തുടർന്നു. 70ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ യുണൈറ്റഡിന്റെ ആറാം ഗോൾ. മാർഷ്യൽ നേടിയ പെനാൾട്ടി ബ്രൂണൊ ഫെർണാണ്ടസ് ആണ് വലയിലേക്ക് എത്തിച്ചത്. ഇതിനു ശേഷം ഡെല്ലാസിലൂടെ ഒരു മനോഹര ഗോൾ നേടാൻ ലീഡ്സിനായി എങ്കിലും അത് ആശ്വാസ ഗോളായി മാത്രം കണക്കിൽ നിന്നു. യുണൈറ്റഡിനെ പിന്നെയും നിരവധി അവസരങ്ങൾ ലഭിച്ചു എങ്കിലും ലീഡ്സിന്റെ ഭാഗ്യം കൊണ്ടുൻ ഗോൾ കീപ്പർ മികവു കൊണ്ടും സ്കോർ 6ൽ തന്നെ നിന്നു.

മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകർക്ക് ഒരു വിരുന്ന് തന്നെയായി ലീഡ്സിന് എതിരെ നേടിയ ഈ വിജയം. ജയത്തോടെ മാഞ്ചസ്റ്റർ യുണൈറ്റഡ് 26 പോയിന്റുമായി ലീഗിൽ മൂന്നാം സ്ഥാനത്തേക്ക് എത്തി. മുന്നിൽ ഉള്ള ലെസ്റ്ററിനെക്കാളും ലിവർപൂളിനെക്കാളും ഒരു മത്സരം കുറവാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് കളിച്ചത്. ആഴ്സണലിനെതിരെ എട്ടു ഗോളടിച്ച ശേഷം ആദ്യമായാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു പ്രീമിയർ ലീഗ് മത്സരത്തിൽ ആറു ഗോളുകൾ അടിക്കുന്നത്.