19 കാരി കനേഡിയൻ യുവതാരം ബിയാങ്ക ആന്ദ്രീസ്ക്കു യു.എസ് ഓപ്പൺ ക്വാട്ടർ ഫൈനലിലേക്ക് മുന്നേറി. 15 സീഡ് ആയ ബിയാങ്ക ഗ്രാന്റ് സ്‌ലാമുകളിലെ പരിചയമില്ലായ്മ തനിക്ക് ഒരു പ്രശ്നമാവില്ലെന്നു തെളിയിച്ചപ്പോൾ നാലാം റൗണ്ടിൽ മറികടന്നത് അമേരിക്കയുടെ ടെയ്‌ലർ ടൗൺസെന്റിനെ. വിംബിൾഡൺ ജേതാവ് സിമോണ ഹാലപ്പിനെ അടക്കം അട്ടിമറിച്ച് നാലാം റൗണ്ടിൽ കടന്ന ടൗൺസെന്റ് വലിയ വെല്ലുവിളിയാണ് ബിയാങ്കക്ക് നേരെ ഉയർത്തിയത്. ആദ്യ സെറ്റിൽ കനേഡിയൻ താരത്തിന്റെ സമഗ്രാധിപത്യം കണ്ടപ്പോൾ അമേരിക്കൻ താരം ചിത്രത്തിലെ ഉണ്ടായിരുന്നില്ല. 6-1 നു സെറ്റ് കനേഡിയൻ യുവ താരത്തിന്. എന്നാൽ രണ്ടാം സെറ്റിൽ തന്ത്രങ്ങൾ മാറ്റിയ ടൗൺസെന്റ് തന്റെ സർവീസ് ഗെയിമുകൾ അടക്കം നന്നാക്കിയപ്പോൾ സെറ്റ് 6-4 നു അമേരിക്കൻ താരത്തിന് സ്വന്തം.
എന്നാൽ മൂന്നാം സെറ്റിൽ ഡബിൾ ബ്രൈക്കുകൾ അടക്കം നേടി ടൗൺസെന്റ് സർവീസുകൾക്കു നിരന്തരം പ്രശ്നങ്ങൾ സൃഷ്ടിച്ചു ബിയാങ്ക. തന്റെ സർവീസിൽ 4 തവണ മാച്ച് പോയിന്റുകൾ രക്ഷിക്കാൻ ടൗൺസെന്റിനു ആയെങ്കിലും 2 മണിക്കൂർ അടുത്ത് നിന്ന പോരാട്ടത്തിനു ഒടുവിൽ രണ്ടാം സെറ്റ് 6-2 നേടിയ കനേഡിയൻ താരം മത്സരം സ്വന്തമാക്കി. ക്വാട്ടർ ഫൈനലിൽ ഏറ്റവും ശ്രദ്ധിക്കേണ്ട താരങ്ങളിൽ ഒരാൾ ആവും ഈ കനേഡിയൻ യുവതാരം എന്നുറപ്പാണ്. അതേസമയം അമേരിക്കൻ താരം ക്രിസ്റ്റിയെ 6-1,6-1 എന്ന സ്കോറിന് തകർത്ത 25 സീഡ് ബെൽജിയത്തിന്റെ എൽസി മെർട്ടൻസ് ആണ് ബിയാങ്കയുടെ ക്വാട്ടർ ഫൈനൽ എതിരാളി.