ലാലിഗയിൽ റയൽ മാഡ്രിഡിന് മികച്ച തുടക്കം. ഇന്ന് എവേ മത്സരത്തിൽ അലാവസിനെ നേരിട്ട റയൽ മാഡ്രിഡ് ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് വിജയിച്ചത്. ഗോൾ രഹിതമായ ആദ്യ പകുതിക്ക് ശേഷമാണ് ഇന്നത്തെ മത്സരത്തിലെ ഗോളുകൾ എല്ലാം പിറന്നത്. ഹസാർഡ്, ബെയ്ല് ഒക്കെ ഇന്ന് ആദ്യ ഇലവനിൽ എത്തിയിരുന്നു. രണ്ടാം പകുതിയിൽ 48ആം മിനുട്ടിൽ ബെൻസീമ ആണ് റയലിന് ലീഡ് നൽകിയത്.
ഹസാർഡിന്റെ ഒരു ബാക്ക് ഹീൽ അസിസ്റ്റിൽ നിന്നായിരുന്നു ബെൻസീമയുടെ ഗോൾ. 56ആം മിനുട്ടിൽ നാചോ റയലിന്റെ ലീഡ് ഇരട്ടിയാക്കിയത്. വലതു വിങ്ങിൽ നിന്ന് ലൂക മോഡ്രിച് നൽകിയ ക്രോസിൽ നിന്നായിരുന്നു നാചോയുടെ ഗോൾ. പിന്നാലെ 62ആം മിനുട്ടിൽ ബെൻസീമ ലീഡ് ഇരട്ടിയാക്കി. വാല്വെർദെ ഒറ്റയ്ക്ക് കുതിച്ച് പെനാൾട്ടി ബോക്സ് വരെ എത്തി പന്ത് ബെൻസീമയ്ക്ക് കൈമാറി. ബെൻസീമയുടെ ആദ്യ ഷോട്ട് ലക്ഷ്യത്തിൽ എത്തിയില്ല എങ്കിലും താരം തന്നെ റീബൗണ്ടിലൂടെ പന്ത് വലയിൽ എത്തിച്ചു.
65ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ അലാവസ് ഒരു ഗോൾ മടക്കി. ഹൊസേലു ആണ് പെനാൾട്ടി ലക്ഷ്യത്തിൽ എത്തിച്ചത്. ഇത് ആശ്വാസ ഗോൾ ആയി മാത്രം നിന്നു. മത്സരത്തിന്റെ ഇഞ്ച്വറി ടൈമിൽ വിനീഷ്യസ് റയലിന്റെ നാലാം ഗോളും നേടി. ഇന്ന് റയൽ മാഡ്രിഡിനായി അരങ്ങേറ്റം നടത്തിയ അലാബയുടെ ക്രോസിൽ നിന്നായിരുന്നു വിനീഷ്യസിന്റെ ഗോൾ . ഇനി അടുത്ത ആഴ്ച ലെവന്റയ്ക്ക് എതിരെ ആണ് റയലിന്റെ മത്സരം.