ബെംഗളൂരു എഫ് സിയിൽ ഇന്ന് രണ്ട് വലിയ നീക്കങ്ങൾ ആണ് നടന്നത്. അവർ ഇന്ന് അവരുടെ പരിശീലകനായിരുന്ന മാർക്കോ പസോളിയെ പുറത്താക്കുകയും പുതിയ പരിശീലകനായി ഇംഗ്ലീഷ് കോച്ച് സിമോ ഗ്രേസണെ നിയമിക്കുകയും ചെയ്തു. ഗ്രേസൻ രണ്ടു വർഷത്തെ കരാർ ബെംഗളൂരു എഫ് സിയിൽ ഒപ്പുവെച്ചു. ഇംഗ്ലീഷ് ടോപ് ഡിവിഷനിൽ 500ൽ അധികം മത്സരങ്ങൾ കളിച്ചിട്ടുള്ള ഗ്രേസൺ പരിശീലകൻ എന്ന നിലയിലും വലിയ പരിചയ സമ്പത്തുള്ള ആളാണ്.
ഏഴ് ക്ലബുകളായി 700ൽ അധികം മത്സരങ്ങൾ അദ്ദേഹം പരിശീലിപ്പിച്ചിട്ടുണ്ട്. ബ്ലാക്ക്പൂൾ, ലീഡ്സ് യുണൈറ്റഡ്, ഹഡേഴ്സ്ഫീൽഡ്, പ്രസ്റ്റൺ തുടങ്ങിയ ക്ലബുകളെ എല്ലാം ഗ്രേസൺ പരിശീലിപ്പിച്ചിട്ടുണ്ട്. കളിക്കാരൻ എന്ന രീതിയിൽ ലെസ്റ്റർ സിറ്റിക്ക് ഒപ്പം 200ൽ അധികം മത്സരങ്ങൾ കളിച്ച അദ്ദേഹം ലെസ്റ്ററിനൊപ്പം ലീഗ് കപ്പും നേടിയിട്ടുണ്ട്.
മാർക്കോ പസോളിക്ക് കീഴിൽ അത്ര നല്ല പ്രകടനം ആയിരുന്നില്ല ബെംഗളൂരു എഫ് സി നടത്തിയത്. വീണ്ടും ലീഗ് കിരീടത്തിനായി പോരാടുന്ന ക്ലബായി ബെംഗളൂരു എഫ് സിയെ മാറ്റുക ആകും സിമോണിന്റെ ലക്ഷ്യം.