കുറ്റക്കാരനല്ല, മൂന്നാം ടെസ്റ്റ് സ്ക്വാഡിലേക്ക് മടങ്ങിയെത്തി ബെന്‍ സ്റ്റോക്സ്

Sports Correspondent

ബ്രിസ്റ്റോള്‍ സംഭവത്തില്‍ സംഘട്ടനത്തില്‍ നിന്ന് കുറ്റവിമുക്തനാക്കപ്പെട്ട ബെന്‍ സ്റ്റോക്സിനെ ഇംഗ്ലണ്ട് ട്രെന്റ് ബ്രിഡ്ജ് ടെസ്റ്റ് സ്ക്വാഡില്‍ ഉള്‍പ്പെടുത്തി. താരത്തിനെതിരെ നേരത്തെ അന്വേഷണവും കോടതി നടപടികളും തുടരുകയായിരുന്നു. ഒരാഴ്ചത്തോളമുള്ള കോടതി നടപടിക്രമങ്ങള്‍ക്കൊടുവിലാണ് താരം കുറ്റക്കാരനല്ലെന്ന് ജൂറി കണ്ടെത്തിയത്. ഓഗസ്റ്റ് 18നു ആരംഭിക്കുന്ന ടെസ്റ്റില്‍ ഇംഗ്ലണ്ട് ബോര്‍ഡ് താരത്തിനെ ഉള്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ക്രിസ് വോക്സ്, സാം കറന്‍ എന്നിവരുടെ പ്രകടനത്തിനാല്‍ സ്റ്റോക്സിനു അന്തിമ ഇലവനില്‍ ഇടം ലഭിക്കുമോയെന്നത് നിശ്ചയമില്ല.

കോടതി കുറ്റവിമുക്തനാക്കിയെങ്കിലും ബെന്‍ സ്റ്റോക്സിനെതിരെയും അലക്സ് ഹെയില്‍സിനെയിതിരെയും ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ് ക്രിക്കറ്റ് അന്വേഷണം ആരംഭിക്കുമെന്ന് അറിയിച്ചിട്ടുണ്ട്. സ്റ്റോക്സ് ഇപ്പോള്‍ തന്നെ സംഭവത്തിന്റെ പേരില്‍ അഞ്ച് ടെസ്റ്റുകളില്‍ നിന്നും ഏഴ് ഏകദിനങ്ങളില്‍ നിന്നും നാല് ടി20കളില്‍ നിന്നും വിട്ടു നിന്നുവെന്നത് താരത്തിനു കൂടുതല്‍ മത്സരങ്ങള്‍ നഷ്ടപ്പെടുന്ന സാഹചര്യം ഒഴിവാക്കുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial