ലോകകപ്പിൽ ഇനി ബ്രസീൽ ഇല്ല. ബെൽജിയത്തോട് തോറ്റ് കാനറികൾ മടങ്ങി. ഒന്നിന് എതിരെ രണ്ട് ഗോളുകൾക്കാണ് ബെൽജിയം ബ്രസീലിനെ മറികടന്ന് സെമി ഫൈനൽ ടിക്കറ്റ് ഉറപ്പിച്ചത്.
ബെൽജിയം ഫിനിഷിങ്ങിൽ പുലർത്തിയ കൃത്യത നെയ്മറിനും സംഘത്തിനും ഇല്ലാതെ പോയതാണ് ബ്രസീലിന് വിനയായത്.
ജപ്പാന് എതിരായ ടീമിൽ നിന്ന് മാറ്റം വരുത്തിയാണ് ബെൽജിയം പരിശീലകൻ ടീമിനെ ഇറക്കിയത്. മേർട്ടൻസിന് പകരം ഫെല്ലായ്നി ആദ്യ ഇലവനിൽ ഇടം നേടി. കരാസ്കോക്ക് പകരം നേസർ ചാഡ്ലിയും ഇടം കണ്ടെത്തി. ബ്രസീൽ നിരയിൽ ഫിലിപ്പേ ലൂയിസിന് പകരം മാർസെലോ തിരിച്ചെത്തി. സസ്പെന്ഷനിലുള്ള കാസെമിറോക്ക് പകരം ഫെർണാണ്ടിഞ്ഞോയും ടീമിലെത്തി.
മത്സരം 7 മിനുട്ട് പിന്നിട്ടപ്പോൾ നെയ്മറിന്റെ കോർണറിൽ നിന്ന് തിയാഗോ സിൽവക്ക് മികച്ച അവസരം ലഭിച്ചെങ്കിലും താരം പന്ത് പോസ്റ്റിലേക്ക് തട്ടിയിട്ടത് ബെൽജിയത്തിന് ഭാഗ്യമായി. ഏറെ വൈകാതെ കോർണറിൽ നിന്ന് പൗളീഞ്ഞോക്കും അവസരം ലഭിച്ചെങ്കിലും ഗോളാക്കാനായില്ല.
13 ആം മിനുട്ടിൽ ചാഡ്ലീയുടെ കോർണർ ക്ലിയർ ചെയ്യാൻ ശ്രമിച്ച ഫെർനാൻഡിഞോക്ക് പിഴച്ചു, പന്ത് നേരെ സ്വന്തം വലയിൽ. ബെൽജിയം മുന്നിൽ. ഏറെ വൈകാതെ ബ്രസീലിന് മറ്റൊരു അവസരം ലഭിച്ചെങ്കിലും ബെൽജിയം ബോക്സിലെ ആശയ കുഴപ്പം മുതലാക്കാൻ അവർക്കായില്ല.
32 ആം മിനുട്ടിൽ സ്വന്തം പകുതിയിൽ നിന്ന് കുതിച്ച ലുകാകു നൽകിയ പന്ത് സ്വീകരിച്ച ഡു ബ്രെയ്നയുടെ ഷോട്ട് ഷോട്ട് ബ്രസീൽ വലയുടെ വലതു മൂലയിൽ പതിച്ചു. സ്കോർ 2-0. ബെൽജിയത്തിന്റെ മുന്നേറ്റ നിരയുടെ ശക്തിയറിഞ്ഞ ഗോളിൽ ബ്രസീൽ ഉലഞ്ഞു. പിന്നീട് ബ്രസീൽ ഏതാനും ശ്രമങ്ങൾ നടത്തിയെങ്കിലും ആദ്യ പകുതിയിൽ സ്കോർ നില മാറ്റാൻ അവർക്കായില്ല.
രണ്ടാം പകുതിയിൽ വില്ലിയന് പകരം ബ്രസീൽ ഫിർമിനോയെ ഇറക്കി. ഗോൾ നേടാൻ ബ്രസീൽ ഉണർന്നതോടെ ബെല്ജിയത്തിന് പ്രതിരോധത്തിലേക്ക് വലിയേണ്ടി വന്നു. 58 ആം മിനുട്ടിൽ ജിസൂസിനെ പിൻവലിച്ച ടിറ്റെ ഡഗ്ളസ് കോസ്റ്റയെ ഇറക്കി. പിന്നീടും ബ്രസീൽ ആധിപത്യം പുലർത്തിയർങ്കിലും ബെല്ജിയൻ ഗോളി കോർട്ടോയുടെ സേവുകളും ബെല്ജിയത്തിന് രക്ഷക്കെത്തി. ഇതിനിടെ ബെൽജിയം കൗണ്ടർ അറ്റാക്കിൽ ഹസാർഡിന്റെ ഷോട്ട് ഗോളാകാതെ പോയി.
72 ആം മിനുട്ടിൽ പൗളീഞ്ഞോയെ പിൻവലിച്ച് അഗസ്റ്റോയെ ഇറക്കിയത് ബ്രസീലിന് വൈകാതെ ഗുണം ചെയ്തു. 76 ആം മിനുട്ടിൽ കിടിലൻ ഹെഡറിലൂടെ താരം ബ്രസീലിനായി ഒരു ഗോൾ മടക്കി. സമനില ഗോളിനായി ബ്രസീൽ ബെൽജിയൻ ഗോൾ മുഖത്തേക്ക് ഇരച്ചു കയറിയതോടെ പലപ്പോഴും ബെൽജിയൻ പ്രതിരോധം ഇളകി.
പക്ഷെ രണ്ടാം പകുതിയിൽ നടത്തിയ മികച്ച പ്രകടനം രണ്ടാം ഗോൾ നേടി മത്സരം എക്സ്ട്രാ ടൈം എങ്കിലും എത്തിക്കുന്നതിൽ ബ്രസീലിന് സാധിക്കാതെ വന്നതോടെ ബെൽജിയം ജയം ഉറപ്പാക്കി.
കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial