9 ഗോള്‍ പിറന്ന മത്സരത്തില്‍ ബെല്‍ജിയത്തിനു ജയം, ഓസ്ട്രേലിയ ന്യൂസിലാണ്ട് പോരാട്ടം സമനിലയില്‍

ഗ്രൂപ്പ് ‍ഡിയില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ മികച്ച ജയം നേടി ബെല്‍ജിയം. 9 ഗോളുകള്‍ പിറന്ന മത്സരത്തില്‍ 6-3 എന്ന സ്കോറിനാണ് ജപ്പാനെ ബെല്‍ജിയം പരാജയപ്പെടുത്തിയത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ഓസ്ട്രേലിയയും ന്യൂസിലാണ്ടും സമനിലയില്‍ പിരിഞ്ഞു. 1-1 എന്ന സ്കോറിനാണ് ടീമുകള്‍ പിരിഞ്ഞത്. ന്യൂസിലാണ്ടും ബെല്‍ജിയവും ക്രോസ് ഓവര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടിയപ്പോള്‍ ഓസ്ട്രേലിയ ഗ്രൂപ്പിലെ ഒന്നാം സ്ഥാനക്കാരായി. ജപ്പാന്‍ ടൂര്‍ണ്ണമെന്റില്‍ നിന്ന് പുറത്തായി.

ആദ്യ പകുതിയില്‍ മൂന്ന് ഗോളിനാണ് ബെല്‍ജിയം ലീഡ് ചെയ്തിരുന്നത്. ജൂഡിത്ത് വാര്‍ഡെര്‍മീരേന്‍, ജില്‍ ബൂണ്‍, ആനി-സോഫി വെയിന്‍സ് എന്നിവര്‍ 7, 17, 22 മിനുട്ടുകളില്‍ ഗോളുകള്‍ നേടി ബെല്‍ജിയത്തെ പകുതി സമയത്ത് 3-0ന്റെ ലീഡ് നേടിക്കൊടുത്തു. രണ്ടാം പകുതിയില്‍ ലൗസി വെര്‍സാവെല്‍ ഹാട്രിക്ക് ഗോളുകള്‍ നേടി ബെല്‍ജിയത്തിന്റെ പട്ടിക ആറ് ഗോളാക്കി മാറ്റി. ജപ്പാനു വേണ്ടി അകിക്കോ കാറ്റോ, കാന നോമൗറ, ഹകുസി നഗായി എന്നിവര്‍ വലകുലുക്കി.

രണ്ടാം മത്സരത്തില്‍ ന്യൂസിലാണ്ടും ഓസ്ട്രേലിയയും ഓരോ ഗോള്‍ നേടി സമനിലയില്‍ പിരിയുകയായിരുന്നു. ന്യൂസിലാണ്ട് 13ാം മിനുട്ടില്‍ ഒലീവിയ മെറിയിലൂടെ ലീഡ് നേടിയപ്പോള്‍ എമിലി സ്മിത്ത് അഞ്ച് മിനുട്ടിനുള്ളില്‍ ഓസ്ട്രേലിയയുടെ സമനില ഗോള്‍ കണ്ടെത്തി.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഫൈനലില്‍ കാലിടറി ഇന്ത്യന്‍ സഖ്യം, രോഹന്‍-കൂഹു ജോഡിയ്ക്ക് രണ്ടാം സ്ഥാനം
Next articleആദ്യ ഗെയിം കൈവിട്ട ശേഷം ചാമ്പ്യനായി സൗരഭ് വര്‍മ്മ