ക്ലബ്ബ് ലോകകപ്പ് കിരീടം ഉയർത്തി ബയേൺ മ്യൂണിക്ക്. ടൈഗ്രസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ഫിഫ ക്ലബ്ബ് ലോകകപ്പ് ബയേൺ മ്യൂണിക്ക് സ്വന്തമാക്കിയത്. ഈ ജയത്തോട് കൂടി ആറിൽ ആറ് കിരീടവും ഉയർത്തിയിരിക്കുകയാണ് ബയേൺ. ബുണ്ടസ് ലീഗ, ജർമ്മൻ കപ്പ്, ജർമ്മൻ സൂപ്പർ കപ്പ്, യുവേഫ ചാമ്പ്യൻസ് ലീഗ്, യുവേഫ സൂപ്പർ കപ്പ് എന്നീ കിരീടങ്ങളാണ് ബയേൺ മ്യൂണിക്ക് 2019-20 സീസണിന്റെ ഭാഗമായി സ്വന്തമാക്കുന്നത്. ബാഴ്സലോണക്ക് ശേഷം ഈ നേട്ടം കുറിക്കുന്ന ആദ്യ ക്ലബ്ബായി മാറി ബയേൺ മ്യൂണിക്ക്.
ഫ്രഞ്ച് താരം ബെഞ്ചമിൻ പവാർദിന്റെ ഗോളിലാണ് ബയേൺ മ്യൂണിക്ക് ക്ലബ്ബ് ലോകകപ്പിൽ മെക്സിക്കൻ ടീമായ ടൈഗ്രസിനെ പരാജയപ്പെടുത്തിയത്. ഈ സീസണിലെ തന്റെ ആദ്യ ഗോൾ ബയേണിന്റെ വിജയഗോളാക്കി മാറ്റാൻ പവാർദിന് സാധിച്ചു. 2013ൽ ചാമ്പ്യൻസ് ലീഗ് നേടിയ ബയേൺ ക്ലബ്ബ് ലോകകപ്പും നേടിയിരുന്നു. ക്ലബ്ബ് ഫുട്ബോളിൽ സ്വന്തമാക്കാൻ സാധിക്കുന്ന എല്ലാ കിരീടങ്ങളും ഹാൻസി ഫ്ലിക്കും ബയേൺ മ്യൂണിക്കും സ്വന്തമാക്കിയിരിക്കുകയാണ്.