ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ രണ്ടാം ഏകദിനത്തില്‍ വിജയത്തിനായി ഇന്ത്യ 163 റണ്‍സ് നേടണം. 24 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടിയ ജോര്‍ജ്ജ് ലിന്‍ഡേയുടെ വെടിക്കെട്ട് പ്രകടനമാണ് ദക്ഷിണാഫ്രിക്കയ്ക്ക് തുണയായത്. 25 പന്തില്‍ നിന്ന് 52 റണ്‍സുമായി താരം പുറത്താകാതെ നിന്നു.
ഇന്ന് തിരുവനന്തപുരം സ്പോര്‍ട്സ് ഹബ്ബില്‍ മഴ കാരണം ഉച്ചയ്ക്ക് ശേഷം മാത്രം ആരംഭിച്ച മത്സരത്തില്‍ ഇന്ത്യ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് കഴിഞ്ഞ മത്സരത്തിലെ ഹീറോ റീസ ഹെന്‍ഡ്രിക്സിനെ തുടക്കത്തിലെ നഷ്ടമായി 15/2 എന്ന നിലയിലേക്ക് വീണുവെങ്കിലും ടെംബ ബാവുമ-സോണ്ടോ കൂട്ടുകെട്ട് ടീമിനെ 48 റണ്‍സ് മൂന്നാം വിക്കറ്റില്‍ നേടി വലിയ തകര്‍ച്ചയില്‍ നിന്ന് മുന്നോട്ട് കൊണ്ടുപോയി.
എന്നാല്‍ സോണ്ടോയെ അക്സര്‍ പട്ടേലും ടെംബ ബാവുമയെ ചഹാലും പുറത്താക്കിയതോടെ 75/4 എന്ന നിലയിലേക്ക് ദക്ഷിണാഫ്രിക്ക വീണു. ഖായേലിഹിലേ സോണ്ടോ 24 റണ്‍സും ടെംബ ബാവുമ 33 പന്തില്‍ 40 റണ്‍സുമാണ് നേടിയത്. തുടര്‍ന്ന് ക്രീസിലെത്തിയ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടാണ് ദക്ഷിണാഫ്രിക്കയെ നൂറ് കടത്തിയത്. ഹെയിന്റിച്ച് ക്ലാസ്സെന്‍-ജോര്‍ജ്ജ് ലിന്‍ഡേ കൂട്ടുകെട്ട് 52 റണ്‍സാണ് നേടിയത്.
31 റണ്‍സ് നേടി ക്ലാസ്സെനെ ദീപക് ചഹാര്‍ പുറത്താക്കിയപ്പോള്‍ ജോര്‍ജ്ജ് ലിഡേ 39 റണ്‍സുമായി പുറത്താകാതെ നിന്നു. 5 വിക്കറ്റ് നഷ്ടത്തില്‍ ദക്ഷിണാഫ്രിക്ക 162 റണ്‍സാണ് 21 ഓവറില്‍ നിന്ന് നേടിയത്.