ഒരു വർഷത്തെ ഇടവേളയ്ക്ക് ശേഷം ഒരു കിരീടം ഉയർത്താമെന്ന ബാഴ്സലോണ മോഹങ്ങൾക്ക് തിരിച്ചടി. ഇന്ന് സ്പാനിഷ് സൂപ്പർ കപ്പ് ഫൈനലിൽ ബാഴ്സലോണക്ക് കണ്ണീർ നൽകി കിണ്ട് അത്ലറ്റിക് ബിൽബാവോ കിരീടത്തിൽ മുത്തമിട്ടു. ക്ലാസിൽ മത്സരത്തിൽ 120 മിനുട്ട് നീണ്ടു നിന്ന പോരാട്ടത്തിന് ഒടുവിലാണ് അത്ലറ്റിക് ക്ലബ് ബാഴ്സലോണയെ തോൽപിച്ച് കിരീടം സ്വന്തമാക്കിയത്. ട്വിസ്റ്റുകൾ നിറഞ്ഞ പോരാട്ടത്തിന് ഒടുവിൽ രണ്ടിനെതിരെ മൂന്നു ഗോളുകൾക്കായിരുന്നു ബിൽബാവോയുടെ വിജയം.
ലയണൽ മെസ്സി ടീമിൽ തിരികെയെത്തി എങ്കിലും മെസ്സി ടച്ച് ഇന്ന് കാണാൻ ആയില്ല. കളിയുടെ അവസാന നിമിഷം മെസ്സി ഇന്ന് ചുവപ്പ് കാർഡ് വാങ്ങി പുറത്തു പോകുന്ന അപൂർവ്വ കാഴ്ച കാണാനും ആയി. ആദ്യ 90 മിനുട്ടിൽ ബാഴ്സലോണയുടെ ഹീറോ ആയത് ഗ്രീസമനായിരുന്നു. ഇരട്ട ഗോളുകളാണ് ഗ്രീസ്മൻ ഇന്ന് നേടിയത്. മത്സരത്തിന്റെ നാൽപ്പതാം മിനുട്ടിൽ ആയിരുന്നു ഗ്രീസ്മന്റെ ആദ്യ ഗോൾ. ആ ഗോളിന് ഒരു മിനുട്ടിനകം തന്നെ മറുപടി പറയാൻ അത്ലറ്റിക് ബിൽബാവോയ്ക്ക് ആയി. ഓസ്കാർ മാർകസ് ആയിരുന്നു ഗോൾ മടക്കിയത്. രണ്ടാം പകുതിയിൽ 77ആം മിനുട്ടിൽ ആണ് ഗ്രീസ്മന്റെ രണ്ടാം ഗോൾ വന്നത്. ജോർദി ആൽബയുടെ പാസിൽ നിന്നായിരുന്നു ഗ്രീസ്മന്റെ ഗോൾ. ഈ ഗോൾ ബാഴ്സയുടെ കിരീടം ഉറപ്പിക്കുമെന്നാണ് കരുതിയത് എങ്കിലും അത് നടന്നില്ല.
കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയിരിക്കെ വീണ്ടും സമനില ഗോൾ എത്തി. 90ആം മിനുട്ടിൽ വിയലിബ്രെ നേടിയ ഗോൾ കളി എക്സ്ട്രാ ടൈമിലേക്ക് എത്തിച്ചു. എക്സ്ട്രാ ടൈമിന്റെ തുടക്കത്തിൽ തന്നെ ഇനാകി വില്യംസിന്റെ ഒരു സൂപ്പർ സ്ട്രൈക്ക് അത്ലറ്റിക് ക്ലബിന് ലീഡും നൽകി. ബാഴ്സലോണ കളിയിലേക്ക് തിരികെ വരാൻ ശ്രമിച്ചു എങ്കിലും ഫൈനൽ വിസിൽ വരെ അത്ലറ്റിക് ഡിഫൻസ് ഒന്നുകൂടെ ഭേദിക്കാൻ ബാഴ്സക്കായില്ല. മെസ്സിയുടെ ചുവപ്പ് കാർഡോടെ ബാഴ്സ പോരാട്ടം അവസാനിച്ചു. 2015ന് ശേഷം അത്ലറ്റിക് ബിൽബാവോ നേടുന്ന ആദ്യ കിരീടമാണിത്.