വൈനാൾഡത്തിനായുള്ള ബാഴ്സലോണ ശ്രമങ്ങൾ പരാജയപ്പെട്ടു. വൈനാൾഡം പി എസ് ജിയിൽ ആകും ഇനി കളിക്കുക. ബാഴ്സലോണ വാഗ്ദാനം ചെയ്തതിന്റെ ഇരട്ടി വേതനം നൽകി കൊണ്ടാണ് പി എസ് ജി വൈനാൾഡത്തെ സൈൻ ചെയ്യുന്നത്. വൈനാൾഡം പി എസ് ജിയിൽ പോകാൻ തീരുമാനിച്ചു എന്ന് ട്രാൻസ്ഫർ വിദഗ്ദൻ ആയ ഫബ്രിസിയോ റൊമാനോ പറഞ്ഞു. ഉടൻ തന്നെ പി എസ് ജി ഈ കരാർ ഔദ്യോഗികമായി പ്രഖ്യാപിക്കും.
വൈനാൾഡത്തിന് മെഡിക്കൽ നടത്താനായി ബാഴ്സലോണ ഒരുങ്ങുന്നതിനിടയിൽ ആണ് പി എസ് ജി വൈനാൾഡത്തിന് വലിയ ഓഫറുമായി എത്തി ട്രാൻസ്ഫർ ഹൈജാക്ക് ചെയ്തത്. ബാഴ്സലോണ വാഗ്ദാനം ചെയ്യുന്നതിനേക്കാൾ ഏറെ അധികം വേതനമാണ് പി എസ് ജി വാഗ്ദാനം ചെയ്തിരിക്കുന്നത്. അതോടെ വൈനാൽഡത്തിന്റെ മനസ്സ് മാറുക ആയിരുന്നു. ബാഴ്സലോണ പ്രസിഡന്റ് ലപോർടയ്ക്ക് വലിയ തിരിച്ചടിയാകും പി എസ് ജിക്ക് മുന്നിലേറ്റ ഈ പരാജയം.
ഫ്രീ ഏജന്റായ താരത്തിന് കാറ്റലോണിയൻ ക്ലബ് 3 വർഷത്തെ കരാർ ആണ് ഉറപ്പ് കൊടുത്തത്. പി എസ് ജിയും മൂന്ന് വർഷത്തെ കരാർ നൽകും. 30കാരനായ താരം യൂറോ കപ്പിൽ ഹോളണ്ടിന്റെ ക്യാപ്റ്റൻ ആണ്. 30കാരനായ വൈനാൾഡം 2016 മുതൽ ലിവർപൂളിനൊപ്പം ഉണ്ട്. ചാമ്പ്യൻസ് ലീഗും പ്രീമിയർ ലീഗും അടക്കം നാലു കിരീടങ്ങൾ ലിവർപൂളിനൊപ്പം താരം നേടി.













