ബാഴ്സലോണയിൽ ചരിത്രം തിരുത്തിക്കുറിച്ച് ലയണൽ മെസ്സി. ലാ ലീഗയിൽ ബാഴ്സലോണക്ക് വേണ്ടി ഏറ്റവുമധികം തവണ കളിച്ച താരമായി മാറി അർജന്റീനിയൻ സൂപ്പർ താരം ലയണൽ മെസ്സി. 506 മത്സരങ്ങളാണ് ബാഴ്സലോണക്ക് വേണ്ടി ലയണൽ മെസ്സി ബൂട്ട് കെട്ടിയത്. ബാഴ്സലോണ ഇതിഹാസം സാവിയുടെ പേരിലുണ്ടായിരുന്ന റെക്കോർഡ് ആണ് മെസ്സി സ്വന്തം പേരിലാക്കിയത്.
2015ലാണ് സാവി ക്യാമ്പ് നൂ വിട്ടത്. എങ്കിലും ബാഴ്സക്ക് വേണ്ടി എല്ലാ കോമ്പറ്റീഷനുകളിലുമായി ഏറ്റവുമധികം തവണ ബൂട്ടണിഞ്ഞത് സാവി തന്നെയാണ്. ബാഴ്സലോണക്ക് വേണ്ടി 767 മത്സരങ്ങളിലാണ് സാവി കളിച്ചിട്ടുള്ളത്. ഈ റെക്കോർഡും ലയണൽ മെസ്സി വൈകാതെ തിരുത്തിക്കുറിക്കും. ഇപ്പോൾ 761 മത്സരങ്ങളിൽ ബാഴ്സക്ക് വേണ്ടി മെസ്സി കളിച്ചിട്ടുണ്ട്. 33കാരനായ മെസ്സി 654 ഗോളുമായി ബാഴ്സയുടെ എക്കാലത്തെയും മികച്ച ഗോൾ സ്കോററാണ്. ബാഴ്സലോണക്ക് വേണ്ടി 34 കിരീടങ്ങളാണ് മെസ്സി സ്വന്തമാക്കിയിട്ടുള്ളത്. ഇതും മറ്റൊരു ക്ലബ്ബ് റെക്കോർഡാണ്.