“നല്ല സമയമല്ല”, മോഷ്ടിക്കപ്പെട്ട വാച്ച് ബാഴ്സലോണ താരം ലെവൻഡോസ്കിക്ക് തിരികെ കണ്ടുപിടിച്ചു നൽകി പോലീസ്
ബാഴ്‌സലോണയിലേക്ക് പുതിയ താരങ്ങളെ ടീമിലേക്ക് എത്തിക്കുന്നതിൽ സാവിയുടെ സ്വാധീനം പരസ്യമായ രഹസ്യമാണ്. താരങ്ങളുമായി നേരിട്ട് സംസാരിച്ച് അവരെ വറുതിയിലാക്കാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. ഇത് സാവിയും സമ്മതിച്ചതാണ്. ക്ലബ്ബിന്റെ ഭാവി പരിപാടികൾ താരങ്ങൾക്ക് വിശദീകരിച്ചു നൽകുന്നതിനൊപ്പം അദ്ദേഹം പറയുന്ന
മറ്റൊരു കാര്യമാണ് ബാഴ്‌സലോണ എന്ന നഗരത്തിന്റെ മനോഹാരിത. പക്ഷെ ആയിരക്കണക്കിന് ടൂറിസ്റ്റുകൾ ദിനേന വന്ന് പോകുന്ന നഗരത്തിൽ മോഷണത്തിനും കുറവില്ല. ഇപ്പോൾ ടീമിലേക്ക് പുതുതായി എത്തിയ റോബർട് ലെവെന്റോവ്സ്കിക്കും ഇത്തരത്തിൽ ഒരനുഭവം ഉണ്ടായിരിക്കുകയാണ്.
ബാഴ്സലോണയുടെ പരിശീലന കേന്ദ്രത്തിലേക്ക് വൈകിട് വരികയായിരുന്നു ലെവെന്റോവ്സ്കി. കാറിലെത്തി പരിശീലന കേന്ദ്രത്തിലേക്ക് കടക്കുന്നതിന് മുൻപ് ഗെയ്റ്റിന് പുറത്തു വെച്ച് അവിടെ കൂടിയ ആരാധകരെ കണ്ട് താരം വാഹനം നിർത്തി ഓട്ടോഗ്രാഫ് നൽകാനായി ഗ്ലാസ് താഴ്ത്തി. ഈ സമയത്ത് താരത്തിന്റെ വിലപിടിപ്പുള്ള വാച്ച് ഒരു മോഷ്ടാവ് കൈക്കലാക്കുകയായിരുന്നു. താരം ഉടനെ തന്നെ മോഷ്ടാവിന്റെ പിറകെ വെച്ചു പിടിച്ചെങ്കിലും കാര്യമുണ്ടായില്ല.
ഉടനെ പോലീസ് ഇടപെട്ടു. കള്ളനെ പിടികൂടുകയും ചെയ്തു. അപ്പോഴേക്കും വാച്ച് ഒളിപ്പിക്കാനായി കുഴിച്ചിട്ട അവസ്‌ഥയിൽ ആയിരുന്നു എന്നാണ് പോലീസ് ഭാഷ്യം. പിന്നീട് കുറച്ചു സമയം കൂടി പരിശീലന കേന്ദ്രത്തിന് പുറത്തു സംരക്ഷണം തീർത്ത ശേഷമാണ് പോലീസ് മടങ്ങിയത്. അവിടുന്നു സാക്ഷികളെയും പോലീസ് വിസ്തരിച്ചതായി അറിയുന്നു. എഴുപതിനായിരം യൂറോ വിലയുള്ള വാച്ച് ആണത്രേ ലെവെന്റോവ്സ്കി ധരിച്ചിരുന്നത്.