പുതിയ താരങ്ങളും പുതിയ പ്രതീക്ഷകളുമായി ലാ ലീഗ കിരീടം നിലനിർത്താൻ ബാഴ്‌സലോണ ഇറങ്ങുന്നു

Nihal Basheer

20230812 220705
Download the Fanport app now!
Appstore Badge
Google Play Badge 1

ഒരിടവേളയ്ക്ക് ശേഷം ലാ ലീഗ കിരീടം ഷെൽഫിൽ എത്തിച്ച സീസണിന് ശേഷം കിരീടം നിലനിർത്താൻ എഫ്സി ബാഴ്‌സലോണ വീണ്ടും കളത്തിലേക്ക്. ലാ ലീഗയിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഗെറ്റാഫെ ആണ് സാവിയുടെയും സംഘത്തിന്റെയും എതിരാളികൾ. മാഡ്രിഡിലെ ഗെറ്റഫെയുടെ തട്ടകത്തിൽ വെച്ചു നടക്കുന്ന മത്സരം ഇന്ത്യൻ സമയം തിങ്കളാഴ്ച പുലർച്ചെ ഒരു മണിക്കാണ് ആരംഭിക്കുക.
20230812 220544
വലിയൊരു പുതുക്കിപ്പണിയലിന്റെ പിറകിൽ ആണ് ബാഴ്‌സലോണ. സെർജിയോ ബുസ്ക്വറ്റ്സ്, ജോർഡി ആൽബ തുടങ്ങി കളത്തിൽ നട്ടെല്ലായിരുന്നവർ ടീം വിട്ടു. ഇവരുടെ സ്ഥാനങ്ങളിൽ ബാൾടെയും റോമേയുവും മികച്ച പ്രകടനം പുറത്തെടുക്കുന്നത് ടീമിന് പ്രതീക്ഷയാണ്. പല താരങ്ങളെയും നോട്ടമിട്ട് ഒടുവിൽ ജിറോണയിൽ നിന്നും എത്തിച്ച റോമേയു പ്രീ സീസണിലെ മികച്ച പ്രകടനം തുടർന്നുള്ള മത്സരങ്ങളിലും തുടരും എന്നു തന്നെയാണ് ടീമിന്റെ പ്രതീക്ഷ. മുന്നേറ്റത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടാവും. ഡെമ്പലെ ടീം വിട്ടതോടെ റൈറ്റ് വിങ്ങിൽ ഇനി റാഫിഞ്ഞക്ക് തന്നെ സാവിയുടെ ആദ്യ പരിഗണന. ഫെറാൻ ടോറസും ഈ സ്ഥാനത്തേക്ക് എത്തിയേക്കും. ആൻസു ഫാറ്റി, ആബ്ദെ എന്നിവരെ ഇടത് വിങ്ങിൽ ആശ്രയിക്കാം. ഇതിനെല്ലാം പുറമെ യുവതാരം ലമീൻ യമാലിനും സാവി അവസരം നൽകാൻ സന്നദ്ധനാണെന്ന് അറിയിച്ചു കഴിഞ്ഞു. ലെവെന്റോവ്സ്കിക്കും റാഫിഞ്ഞക്കും ഒപ്പം ഗവിയോ ആബ്ദെയോ ആദ്യ ഇലവനിൽ എത്തും.

മധ്യനിരയിൽ പെഡ്രി, റോമേയു, ഡി യോങ് എന്നിവർ ആദ്യ ഇലവനിൽ ഉണ്ടാവും. ഗുണ്ടോഗൻ, ഫെർമിൻ ലോപസ് ബെഞ്ചിൽ നിന്നെത്തും. പ്രതിരോധത്തിൽ കാര്യമായ മാറ്റങ്ങൾ ഇല്ല. പുതിയ താരം ഇനിഗോ മാർട്ടിനസ് പരിക്കിൽ നിന്നും ഇതുവരെ മുക്തനായിട്ടില്ല. പരിക്കേറ്റിരുന്ന ക്രിസ്റ്റൻസൻ, ആരാഹുവോ എന്നിവർ ഫിറ്റ്നസ് വീണ്ടെടുത്തിട്ടുണ്ടെന്ന് സാവി വാർത്താ സമ്മേളനത്തിൽ അറിയിയിച്ചു. ഇവർക്കൊപ്പം ബാൾടേ, കുണ്ടേ എന്നിവർ പിൻ നിരയിൽ അണിനിരക്കും. റൈറ്റ് ബാക്ക് ആയിട്ടാവും കുണ്ടേ എത്തുക. ഈ സ്ഥാനത്തേക്ക് പുതിയ താരങ്ങളെ ടീം എത്തിക്കുമെന്ന് ഉറപ്പാണ്. വിജയത്തോടെ തന്നെ സീസൺ ആരംഭിക്കാൻ ബാഴ്‌സലോണ ഉന്നം വെക്കുമ്പോൾ കഴിഞ്ഞ സീസണിൽ പതിനഞ്ചാം സ്ഥാനത്ത് എത്തിയിരുന്ന ഗെറ്റാഫെയും മികച്ച പ്രകടനം പുറത്തെടുക്കാനുള്ള തയ്യാറെടുപ്പിൽ ആവും.