ലാലിഗയിൽ ബാഴ്സലോണ വിജയ വഴിയിൽ. ഇന്ന് ക്യാമ്പ്നുവിൽ നടന്ന മത്സരത്തിൽ ലെവന്റെയെ ആണ് ബാഴ്സലോണ പരാജയപ്പെടുത്തിയത്. ഏകപക്ഷീയമായ മത്സരത്തിൽ എതിരില്ലാത്ത മൂന്നു ഗോളുകൾക്കായിരുന്നു ബാഴ്സലോണയുടെ വിജയം. നീണ്ട കാലം പരിക്ക് കാരണം പുറത്തായിരുന്ന അൻസു ഫതി തന്റെ തിരിച്ചുവരവ് ഗോളുമായി ആഘോഷിക്കുന്നത് കാണാൻ ഇന്ന് ആയി. ഇന്ന് തുടക്കത്തിൽ ഒരു പെനാൾട്ടിയിൽ നിന്ന് ഡിപായ് ആണ് ബാഴ്സക്ക് ലീഡ് നൽകിയത്. ഡിപായ് തന്നെ ആയിരുന്നു ആ പെനാൾട്ടി വിജയിച്ചതും.
പതിനാലാം മിനുട്ടിൽ സ്ട്രൈക്കർ ഡി യോങ് ബാഴ്സയുടെ ലീഡ് ഇരട്ടിയാക്കി. ഇടതു വിങ്ങിലൂടെ കുതിച്ചെത്തിയ ഡെസ്റ്റ് നൽകിയ പാസിൽ നിന്നായിരുന്നു ഡി യോങിന്റെ ഗോൾ. താരത്തിന്റെ ബാഴ്സലോണ കരിയറിലെ ആദ്യ ഗോളാണിത്. മത്സരത്തിന്റെ 81ആം മിനുട്ടിൽ ആയിരുന്നു ഫതി സബ്ബായി കളത്തിൽ എത്തിയത്. 323 ദിവസങ്ങൾക്ക് ശേഷം കളത്തിൽ കാലു കുത്തിയ താരം 9 മിനുട്ടെ എടുത്തുള്ളൂ ഗോൾ കണ്ടെത്താൻ. മൈതാന മദ്ധ്യത്ത് പന്ത് സ്വീകരിച്ച് മനോഹരമായ ടേണിലൂടെ മുന്നേറിയാണ് ഫതി ഗോൾ നേടിയത്. ഫതിയുടെ തിരിച്ചുവരവ് ബാഴ്സലോണക്ക് ആകെ പ്രതീക്ഷ നൽകുന്നതാണ്.
ഈ വിജയത്തോടെ ബാഴ്സലോണ 12 പോയിന്റുമായി അഞ്ചാം സ്ഥാനത്ത് എത്തി