എൽ ക്ലാസിക്കോയിൽ റയൽ മാഡ്രിഡിനെ തകർത്തെറിഞ്ഞ് ബാഴ്സലോണയുടെ വമ്പൻ ജയം. എതിരില്ലാത്ത നാല് ഗോളുകൾക്കാണ് ബാഴ്സലോണ ക്ലാസിക്കോ സ്വന്തമാക്കിയത്. ഇരട്ട ഗോളുകളുമായി പിയറെ-എമെറിക്ക് ഒബമയാങ്ങാണ് ബാഴ്സലോണയുടെ വമ്പൻ ജയത്തിന് ചുക്കാൻ പിടിച്ചത്. ഒബമയാങ്ങിന് പുറമേ റൊണാൾഡ് അറാഹോയും ഫെറാൻ ടോറസുമാണ് മറ്റു ഗോളുകളടിച്ചത്. സാവിയുടെ കീഴിൽ വരവാണ് തിരിച്ചുവരവാണ് ബാഴ്സലോണ നടത്തിയിരിക്കുന്നത്. കെരീം ബെൻസിമ ഇല്ലാതെ ഇറങ്ങിയ റയൽ മാഡ്രിഡ് ക്ലാസിക്കോയിൽ നാണംകെട്ട തോൽവിയാണ് വഴങ്ങിയത്.
കളിയുടെ ആദ്യ പകുതിയിൽ തന്നെ ഇരട്ട ഗോളുകളുടെ ലീഡ് ബാഴ്സലോണ സ്വന്തമാക്കി. 29ആം മിനുട്ടിൽ ഒബമയാങ്ങിലൂടെയാണ് ബാഴ്സലോണ ആദ്യ ഗോ നേടിയത്. കുർതോയെ നോക്കുകുത്തിയാക്കി ഡെംബെലെ നൽകിയ പന്ത് ഒബമയാങ്ങ്‍ റയലിന്റെ വലയിലെത്തിച്ചു. ഒരു റയൽ കൗണ്ടററ്റാക്കിൽ വിനീഷ്യസ് പെനാൽറ്റിക്കായി അപ്പീൽ നടത്തിയെങ്കിലും അനുവദിക്കപ്പെട്ടില്ല. വൈകാതെ അറാഹുവോയിലൂടെ ബാഴ്സലോണ ലീഡുയർത്തി. റയൽ മാറ്റങ്ങളുമായി എത്തിയെങ്കിലും രണ്ടാം പകുതിയുടെ തുടക്കത്തിൽ തന്നെ ടോറസിന്റെ ഗോൾ പിറന്നു. അലാബയുടെ പിഴവ് മുതലെടുത്ത ബാഴ്സലോണ ടോറസിലൂടെ ഗോളടിച്ചു. ഗോളിന് വഴിയൊരുക്കിയതും ഒബമയാങ്ങാണ്. അധികം വൈകാതെ റയലിന്റെ അവസാനത്തെ ആണിയും ബാഴ്സലോണയടിച്ചു. പിക്വെയുടെ ലോംഗ് ഫ്രീകിക്ക് വാങ്ങിയ ടോറസ് ഒബ്മയാങ്ങിന് ഗോളടിക്കാൻ അവസരമൊരുക്കി. ഓഫ്സൈട് ഫ്ലാഗുയർന്നെങ്കിലും വാറിന്റെ പരിശോധനക്ക് ശേഷം ഗോൾ അനുവദിക്കുകയായിരുന്നു. ഈ ജയത്തോട് കൂടി പോയന്റ് നിലയിൽ മൂന്നാമതെത്താൻ ബാഴ്സലോണക്കായി.