കാത്തിരിക്കാൻ ഇല്ല, ലോണിൽ പോകാൻ ഉറച്ച് ബാഴ്സലോണയുടെ നിക്കോ ഗോൺസാലസ്

20220809 182341

ബാഴ്‌സലോണയുടെ യുവപ്രതിഭകളിൽ ഒരാളായ നിക്കോ ഗോൺസാലസ് ലോണിൽ ടീം വിടുമെന്ന് ഏകദേശം ഉറപ്പായി. വലൻസിയ ആവും താരത്തിന്റെ പുതിയ എന്നാണ് സൂചനകൾ. വലൻസിയ പരിശീലകൻ ഗട്ടുസോ നിക്കോയെ ടീമിൽ എത്തിക്കാൻ താല്പര്യപ്പെടുന്നുണ്ട്. ടീമിലെ മറ്റൊരു താരമായ ആബ്ദേയേയും വലൻസിയ നോട്ടമിടുന്നുണ്ട്.

നേരത്തെ, സീസണിൽ അവസരങ്ങൾ ലഭിക്കുമെങ്കിൽ മാത്രം ടീമിൽ തുടരുകയുള്ളൂ എന്ന് താരം അറിയിച്ചിരുന്നു. ഇല്ലെങ്കിൽ ലോണിൽ പോകാൻ നിക്കോ നേരത്തെ തയ്യാറായിരുന്നു. ബസ്ക്വറ്റ്‌സ് അല്ലാതെ ഡിഫെൻസിവ് മിഡ്ഫീൽഡർ സ്ഥാനത്ത് യോജിച്ച താരങ്ങൾ ഇല്ലാത്തത് നിക്കോയുടെ ബാഴ്‌സയിലെ സാധ്യതകൾ വർധിപ്പിച്ചിരുന്നു. സാവി അവസരം നൽകിയപ്പോൾ എല്ലാം മികച്ച പ്രകടനം പുറത്തെടുക്കാനും താരത്തിനായി. എന്നാൽ പ്രീ സീസണിന്റെ അവസനത്തോടെ പ്യാനിച്ച് മികച്ച പ്രകടനത്തോടെ സാവിയുടെ ശ്രദ്ധയിൽ വന്നതോടെ നിക്കോ വീണ്ടും ടീം വിടാനുള്ള വഴികൾ തേടുകയായിരുന്നു. കൂടുതൽ അവസരം വാഗ്ദാനം ചെയ്ത് വലൻസിയ എത്തിയതോടെ നിക്കോ ലോണിൽ ടീം വിടുന്നത് സാവിയെ അറിയിച്ചു എന്നാണ് സൂചനകൾ. താരത്തിന് തുടർച്ചയായ അവസരങ്ങൾ ലഭിക്കും എന്നതിനാൽ നിക്കോയെ വിട്ട് കൊടുക്കുന്നതിന് ബാഴ്‌സലോണയും അനുകൂലമാണ്. ഗട്ടുസോ നേരിട്ട് താരത്തോട് സംസാരിച്ചതായും സൂചനകൾ ഉണ്ട്. ബെഞ്ചിൽ ഇരിക്കുന്നതിനെക്കാൾ മത്സര പരിചയം നേടാൻ നല്ലത് ലോണിൽ പോകുന്നതാണെന്ന് നിക്കോ തിരിച്ചറിയുന്നുണ്ട്.

Story Highlight: Barcelona are prepared to complete Nico’s loan move to Valencia until June 2023.