സാവിയുടെ കീഴിലെ ബാഴ്സലോണയുടെ ഏറ്റവും മികച്ച പ്രകടനമാണ് ഇന്ന് കണ്ടത്. ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ മാറ്റങ്ങളുടെ കരുത്തിൽ എത്തിയ ബാഴ്സലോണ ഇന്ന് നിലവിലെ ലീഗ് ചാമ്പ്യന്മാരായ അത്ലറ്റിക്കോ മാഡ്രിഡിനെ 4-2 എന്ന സ്കോറിന് പരാജയപ്പെടുത്തി. കളിയുടെ അവസാന 20 മിനുട്ടോളം 10 പേരുമായി കളിച്ചാണ് ബാഴ്സലോണ വിജയം നേടിയത്. ഇന്ന് ഒരു ഗോളും ഒരു അസിസ്റ്റും നേടി തിളങ്ങിയ വെറ്ററൻ താരം ഡാനി ആല്വെസ് അവസാനം ചുവപ്പ് കാർഡും വാങ്ങി.
ഇന്ന് തുടക്കത്തിൽ എട്ടാം മിനുട്ടിൽ കരാസ്കോ നേടിയ ഗോളോടെ അത്ലറ്റിക്കോ മാഡ്രിഡ് ആണ് ലീഡ് എടുത്തത്. ക്യാമ്പ്നൗവിലെ ആരാധകരെ അത് ഞെട്ടിച്ചു എങ്കിലും പിന്നീട് ബാഴ്സലോണയുടെ ഗംഭീര പ്രകടനമാണ് കണ്ടത്. പത്താം മിനുട്ടിൽ തന്നെ ബാഴ്സലോണ തിരിച്ചടിച്ചു. ആല്വസിന്റെ പാസിൽ നിന്ന് ഒരു ഇടം കാലൻ വോളിയിലൂടെ ജോർദി ആൽബ ആണ് ബാഴ്സക്ക് സമനില നൽകിയത്.
21ആം മിനുട്ടിൽ പുതിയ സൈനിംഗ് ട്രയോരയുടെ അസിസ്റ്റിൽ നിന്ന് ഗവി ബാഴ്സലോണയെ ലീഡിൽ എത്തിച്ചു. ആദ്യ പകുതിയിൽ ട്രയോരെ അത്ലറ്റിക്കോ മാഡ്രിഡ് ഡിഫൻസിനെ വെള്ളം കുടിപ്പിക്കുന്നത് ആണ് കണ്ടത്. ആദ്യ പകുതിയുടെ അവസാനം അറോഹോയിലൂടെ ബാഴ്സലോണ മൂന്നാം ഗോളും നേടി ആദ്യ പകുതി 3-1ന് അവസാനിപ്പിച്ചു.
രണ്ടാം പകുതിയുടെ തുടക്കത്തിൽ ആണ് ഡാനി ആല്വസിന്റെ ഗോൾ വന്നത്. ഇതോടെ കളി പൂർണ്ണമായും ബാഴ്സലോണയുടെതായി. 58ആം മിനുട്ടിൽ മുൻ ബാഴ്സലോണ താരം സുവാരസ് അത്ലറ്റിക്കോ മാഡ്രിഡിനായി ഒരു ഗോൾ മടക്കി. സ്കോർ 4-2. ഇതിനു ശേഷം ബാഴ്സലോണ ട്രയോരെയെ പിൻവലിച്ച് മറ്റൊരു പുതിയ സൈനിംഗ് ആയ ഒബാമയങ്ങിനെ കളത്തിൽ എത്തിച്ചു.
69ആം മിനുട്ടിൽ ആണ് ഡാനി ആല്വസ് ചുവപ്പ് കണ്ടത്. ഇത് ബാഴ്സലോണയെ പത്തു പേരാക്കി ചുരുക്കി എങ്കിലും അവർ സമ്മർദ്ദത്തിൽ ആയില്ല.
ഈ വിജയത്തോടെ ബാഴ്സലോണ 38 പോയിന്റുമായി നാലാം സ്ഥാനത്തെത്തി. അത്ലറ്റിക്കോ മാഡ്രിഡ് ടോപ് 4ൽ നിന്ന് പുറത്തായി.