ബാഴ്സലോണയുടെ മോശം ഫോം തുടരുന്നു. ലാലിഗയിൽ തുടർച്ചയായ മൂന്നാം മത്സരത്തിൽ ജയിക്കാനാവാതെ കളി അവസാനിപ്പിച്ചിരിക്കുകയാണ് ബാഴ്സലോണ. ഇന്ന് സ്വന്തം ഗ്രൗണ്ടിൽ അത്ലറ്റിക്ക് ബിൽബാവോ ആണ് ബാഴ്സയെ സമനിലയിൽ തളച്ചത്. നിശ്ചിത സമയത്ത് 1-1 എന്ന നിലയിലാണ് മത്സരം അവസാനിച്ചത്.
ആദ്യ പകുതിയിൽ ദി മാർകോസിന്റെ ഗോളിൽ ബാഴ്സ ഒരു ഗോളിന് പിറകിൽ പോയി. സുസേറ്റയുടെ ക്രോസിൽ നിന്ന് ഒരു ഡൈവിംഗ് ഫിനിഷിലൂടെ ആയിരുന്നു ഡി മാർകോസ് നൗകാമ്പിനെ നിശ്ബ്ദമാക്കിയത്. ആ ലീഡ് 84ആം മിനുട്ട് വരെ സംരക്ഷിക്കാൻ സന്ദർശകർക്കായി. എന്നാൽ 84ആം മിനുട്ടിൽ മുനിർ എൽ ഹദാദി ബാഴ്സക്ക് സമനില നേടിക്കൊടുത്തി. മെസ്സിയുടെ അസിസ്റ്റിൽ നിന്നായിരുന്നു മുനിർ എൽ ഹദാദിയുടെ ഗോൾ.
സമനില നേടിയ ബാഴ്സലോണ അവസാന നിമിഷം വരെ വിജയഗോളിനായി നോക്കി എങ്കിലും ഫലമുണ്ടായില്ല. മെസ്സിയെയും ബുസ്കറ്റ്സിനെയും ബെഞ്ചിൽ ഇരുത്തി കൊണ്ട് കളി തുടങ്ങിയതാണ് ബാഴ്സക്ക് വിനയായത്. കഴിഞ്ഞ കളിയിൽ ലെഗനസിനോട് തോൽക്കുകയും ചെയ്തിരുന്നു ബാഴ്സലോണ. ഏഴ് മത്സരങ്ങളിൽ 14 പോയന്റുമായി ബാഴ്സലോണ ഒന്നാമത് ആണ് ഇപ്പോൾ എങ്കിലും റയൽ ഇന്ന് മാഡ്രിഡ് ഡെർബി ജയിച്ചാൽ അവർക്ക് ഒന്നാമത് എത്താം.