ആദ്യ പകുതിയിൽ 3 ഗോളിന് മുന്നിൽ എത്തിയപ്പോൾ അങ്ങനെ ലാലിഗയിൽ അവസാനം ബാഴ്സലോണക്ക് ഒരു വിജയം കിട്ടി എന്നായിരുന്നു ആരാധകർ കരുതിയത് . ഇന്ന് എവേ മത്സരത്തിൽ സെൽറ്റ വിഗോയെയുടെ പോരാട്ടത്തിന് മുന്നിൽ 3-3ന്റെ സമനില ആണ് ബാഴ്സലോണ വഴങ്ങിയത്. 97ആം മിനുട്ടിലായിരുന്നു സെൽറ്റ വിഗോ അവരുടെ സമനില ഗോൾ നേടിയത്. തുടർച്ചയായ നാലാം ലാലിഗ മത്സരത്തിലാണ് ബാഴ്സലോണ വിജയമില്ലാതെ കളി അവസാനിപ്പിക്കുന്നത്.
ഇന്ന് തുടക്കത്തിൽ അൻസു ഫതിയുടെ ഗോളിലാണ് ബാഴ്സലോണ ലീഡ് എടുത്തത്. 18ആം മിനുട്ടിൽ ബുസ്കെറ്റ്സിന്റെ ഒരു ഷോട്ടും ഗോളായി. നീണ്ട കാലത്തിന് ശേഷമായിരുന്നു ബുസ്കെറ്റ്സ് ഒരു ഗോൾ നേടുന്നത്. 34ആം മിനുട്ടിൽ ജോർദി ആൽബയുടെ ക്രോസിൽ നിന്ന് ഒരു ഹെഡറിലൂടെ ഡിപായും ഗോൾ നേടിയതോടെ കളിയിൽ 3-0ന് ബാഴ്സലോണ മുന്നിൽ എത്തി. പക്ഷെ പരിക്ക് കാരണം ഗാർസിയയും അൻസു ഫതിയും പരിക്കേറ്റ് പുറത്തായത് ബാഴ്സലോണക്ക് തിരിച്ചടി ആയി.
രണ്ടാം പകുതിയിൽ ഇയാഗോ ആസ്പസ് സെൽറ്റയ്ക്ക് പ്രതീക്ഷ നൽകിയ ആദ്യ ഗോൾ നേടി. 74ആം മിനുട്ടിൽ നൊലിറ്റോ സ്കോർ 3-2 എന്നാക്കി. പിന്നീട് സമനില ഗോളിനായുള്ള അന്വേഷണം ആയിരുന്നു. അവസാനം 97ആം മിനുട്ടിൽ പെനാൾട്ടി ബോക്സിന് പുറത്ത് നിന്ന് ആസ്പാസ് തന്നെ സമനില ഗോളും നേടി.
ഈ സമനിലയോടെ 12 മത്സരങ്ങളിൽ 19 പോയിന്റുമായു ബാഴ്സലോണ ഏഴാമത് നിൽക്കുകയാണ്. സെൽറ്റ പതിനഞ്ചാം സ്ഥാനത്താണ് ഉള്ളത്.