പ്രീമിയർ ലീഗിൽ അവസാനം ഒരു മത്സരം ജയിച്ചു നോർവിച്ച് സിറ്റി, ബ്രന്റ്ഫോർഡിനെ വീഴ്ത്തി

Screenshot 20211106 225021

പ്രീമിയർ ലീഗിൽ ആദ്യമായി ഒരു മത്സരത്തിൽ ജയം കണ്ടു നോർവിച്ച് സിറ്റി. 11 മത്തെ ലീഗ് മത്സരത്തിൽ ആണ് നോർവിച്ച് ലീഗിലെ ആദ്യ ജയം സ്വന്തമാക്കുന്നത്. ബ്രന്റ്ഫോർഡിനെ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആണ് നോർവിച്ച് മറികടന്നത്. മത്സരത്തിൽ ആധിപത്യം പുലർത്തിയത് ബ്രന്റ്ഫോർഡ് ആണെങ്കിലും നോർവിച്ച് ജയം പിടിച്ചെടുക്കുക ആയിരുന്നു. ചാമ്പ്യൻഷിപ്പിൽ നിന്നു സ്ഥാനക്കയറ്റം നേടി വന്ന ഇരു ടീമുകൾ തമ്മിലുള്ള പോരാട്ടത്തിൽ സ്വപ്ന തുടക്കം ആണ് നോർവിച്ചിനു ലഭിച്ചത്.

മത്സരത്തിന്റെ അഞ്ചാം മിനിറ്റിൽ തന്നെ ബോക്സിന് പുറത്ത് നിന്നുള്ള ഒരു ഷോട്ടിലൂടെ മതിയാസ് നോർമാൻ നോർവിച്ചിനു ആദ്യ ഗോൾ സമ്മാനിച്ചു. തുടർന്ന് 29 മത്തെ മിനിറ്റിൽ താൻ തന്നെ നേടിയ പെനാൽട്ടി ലക്ഷ്യം കണ്ട തീമു പൂക്കി നോർവിച്ചിനു രണ്ടാം ഗോളും സമ്മാനിച്ചു. തുടർന്ന് ഗോൾ തിരിച്ചടിക്കാൻ ബ്രന്റ്ഫോർഡിന്റെ നിരന്തര ശ്രമം ഉണ്ടായി എങ്കിലും നോർവിച്ച് ഗോൾ കീപ്പർ ടിം ക്രൂൾ അവർക്ക് രക്ഷകനായി. രണ്ടാം പകുതിയിൽ 60 മത്തെ മിനിറ്റിൽ റിക്കോ ഹെൻറിയിലൂടെ ബ്രന്റ്ഫോർഡ് ഒരു ഗോൾ തിരിച്ചു അടിച്ചു എങ്കിലും നോർവിച്ച് ജയം സ്വന്തമാക്കുക ആയിരുന്നു. സീസണിലെ ആദ്യ ജയത്തോടെ അവസാന സ്ഥാനത്ത് നിന്ന് ആദ്യമായി കയറാൻ നോർവിച്ചിനു ആയി. അതേസമയം ലീഗിൽ പന്ത്രണ്ടാം സ്ഥാനത്ത് ആണ് ബ്രന്റ്ഫോർഡ് ഇപ്പോൾ.

Previous articleഹോ എന്റെ ബാഴ്സ!!! മൂന്ന് ഗോൾ ലീഡ് തുലച്ച് നാഥനില്ലാ ബാഴ്സലോണ
Next articleസാഷയെ നിലതൊടീക്കാതെ മെദ്വദേവ് പാരീസ് മാസ്റ്റേഴ്സ് ഫൈനലിൽ, ഫൈനലിൽ ജ്യോക്കോവിച്ച് എതിരാളി