ലാലിഗയിലെ ബാഴ്സലോണ ആധിപത്യം തുടരുന്നു. ലീഗിൽ ഇനിയും മൂന്ന് മത്സരങ്ങൾ ബാക്കി ഇരിക്കെ ലീഗ് കിരീടം ബാഴ്സലോണ ഉറപ്പിച്ചിരിക്കുകയാണ്. ഇന്ന് ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തൊൽ ലെവന്റെയെ തോൽപ്പിച്ചതോടെയാണ് ബാഴ്സലോണയുടെ കിരീടം ഉറച്ചത്. ഇന്ന് മെസ്സിക്ക് വിശ്രമം കൊടുത്താണ് ബാഴ്സലോണ ഇറങ്ങിയത് എങ്കിലും അവസാനം വിജയം നേടാൻ പതിവു പോലെ മെസ്സിയെ ഇറക്കേണ്ടി വന്നു.
മെസ്സി നേടിയ ഏക ഗോളിനായിരുന്നു ബാഴ്സലോണയുടെ ഇന്നത്തെ ജയം. ഇന്ന് ഒരു വിജയം ബാഴ്സലോണക്ക് ലാലിഗ കിരീടം ഉറപ്പിച്ചു കൊടുക്കും എന്ന് അറിയുന്നത് കൊണ്ട് തന്നെ ചാമ്പ്യൻസ് ലീഗ് സെമി അടുത്തുണ്ടായിട്ടും ശക്തമായ ടീമിനെ തന്നെ വാല്വെർഡെ അണി നിരത്തിയിരുന്നു. മെസ്സിയും പികെയും ബുസ്കെറ്റ്സും മാത്രമാണ് ഇന്ന് ആദ്യ ഇലവനിൽ ഇല്ലാതിരുന്ന പ്രധാന താരങ്ങൾ. മെസ്സിക്ക് ഇറങ്ങേണ്ടി വന്നു എങ്കിലും കിരീടം ഉറപ്പിക്കാൻ ആയത് ബാഴ്സലോണയ്ക്ക് ലിവർപൂളിനെ നേരിടും മുമ്പ് ആത്മവിശ്വാസം നൽകും.
ലാലിഗയിൽ ഇന്നത്തെ ജയത്തോടെ 35 മത്സരങ്ങളിൽ നിന്ന് 83 പോയന്റിൽ ബാഴ്സലോണ എത്തി. അത്ലറ്റിക്കോ മാഡ്രിഡിന് ഇത്രയും മത്സരങ്ങളിൽ നിന്ന് 74 പോയന്റാണുള്ളത്. ഇനി എല്ലാ മത്സരങ്ങളും വിജയിച്ചാലും അത്ലറ്റിക്കോ മാഡ്രിഡിന് 83 പോയിന്റ് മാത്രമേ നേടാനാകു. ഹെഡ് ടു ഹെഡ് മികവ് ഉള്ളത് കൊണ്ട് ഈ 83 പോയിന്റ് മതി ബാഴ്സലോണക്ക് കിരീടം നേടാൻ.
ഇത് 26ആം തവണയാണ് ബാഴ്സലോണ ലാലിഗ കിരീടം ഉയർത്തുന്നത്. ഇതോടെ ബാഴ്സലോണ റയൽ മാഡ്രിഡിന്റെ കിരീട നേട്ടത്തോട് കൂടുതൽ അടുക്കുകയാണ്. 33 കിരീടങ്ങളാണ് റയൽ മാഡ്രിഡിനുള്ളത്. അവസാന 11 വർഷങ്ങൾക്ക് ഇടയിൽ ബാഴ്സലോണയുടെ എട്ടാം ലീഗ് കിരീടം കൂടിയാണ് ഇത്. മെസ്സിയുടെ പത്താം ലാലിഗ കിരീടവും.